ദക്ഷിണ കന്നഡയിലെ നൂറിലധികം ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഡ്രസ് കോഡ് നടപ്പാക്കും

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ നൂറോളം ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് നടപ്പാക്കാൻ തീരുമാനിച്ചതായി കർണാടക ദേവസ്ഥാന മഠം മാതു ധാർമിക സംസ്‌ഥാന മഹാസംഘ സംസ്ഥാന കോ-ഓർഡിനേറ്റർ മോഹൻ ഗൗഡ പറഞ്ഞു.

മംഗളൂരുവിലെ ശ്രീനിവാസ കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച ദക്ഷിണ കന്നഡ ജില്ലാതല മന്ദിര അധിവേഷ പരിഷത്ത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളാണ്. പലരും മാന്യമല്ലാത്ത വസ്ത്രം ധരിച്ചാണ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്, ഇത് ക്ഷേത്രത്തിൻ്റെ പവിത്രതയെ മലിനമാക്കുന്നുവെന്നും ഗൗഡ പറഞ്ഞു.

100-ലധികം ക്ഷേത്രങ്ങൾ ഡ്രസ് കോഡ് നിർബന്ധമാക്കുന്നതിന് സ്വമേധയാ സമ്മതിച്ചു. ക്ഷേത്രങ്ങളിൽ വസ്ത്രധാരണം സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കുകയും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നവരിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യും.

അപമര്യാദയായി വസ്ത്രം ധരിച്ച് ആരെങ്കിലും എത്തിയാൽ ക്ഷേത്രത്തിൽ സാത്വിക വസ്ത്രം നൽകാനുള്ള നടപടി സ്വീകരിക്കും. ഘട്ടംഘട്ടമായി ഡ്രസ് കോഡ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ടെന്ന് കാട്ടീൽ ദുർഗാപരമേശ്വരി ക്ഷേത്ര പാരമ്പര്യ പൂജാരി ഹരിനാരായണ അസ്രണ്ണ പറഞ്ഞു. ഹിന്ദു മതത്തെ സംരക്ഷിക്കുന്നതിൽ ക്ഷേത്രങ്ങൾക്ക് വലിയ പങ്കുണ്ട്, അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങൾ പൂജയിൽ മാത്രം ഒതുങ്ങരുതെന്നും സംസ്‌കാരവും കലയും സംരക്ഷിക്കാനുള്ള ഇടമായി മാറണമെന്നും ക്ഷേത്രങ്ങൾ ധർമപരമ്പരേ ശിക്ഷണം നൽകണമെന്നും രാമകൃഷ്ണ മഠം മംഗളൂരു പ്രസിഡൻ്റ് ജിതകാമാനന്ദജി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us