ബെംഗളൂരു : സുരക്ഷ മുൻനിർത്തി നഗരത്തിലെ പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് മാർഗനിർദേശം നൽകി പോലീസ്.
അഡീഷണൽ പോലീസ് കമ്മിഷണർ രമൺഗുപ്തയാണ് സമൂഹികമാധ്യമമായ എക്സ് വഴി മാർഗനിർദേശം നൽകിയത്.
- പി.ജി. സ്ഥാപനങ്ങൾക്ക് നിർബന്ധമായും നഗരസഭയുടെ ട്രേഡ് ലൈസൻസ് ഉണ്ടായിരിക്കണമെന്നാണ് പ്രധാനനിർദേശം.
- വിദേശപൗരൻമാർ താമസിക്കുന്നുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ നൽകണം.
- അവരുടെ പേര്, പാസ്പോർട്ട് നമ്പർ, വിസ നമ്പർ, അവർ എത്തിയതീയതി, സന്ദർശനത്തിന്റെ ഉദ്ദേശ്യം, ഇവിടത്തെ ബന്ധങ്ങൾ എന്നിവയാണ് അറിയിക്കേണ്ടത്.
- സ്ഥാപനത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്നാണ് മറ്റൊരു നിർദേശം.
- തീപ്പിടുത്തത്തിനെതിരായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണം.
- രാത്രി പത്തുമുതൽ രാവിലെ ആറുവരെ സ്ഥാപനത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
- സ്ഥലത്തെ പോലീസ് സ്റ്റേഷന്റെ ഉൾപ്പെടെയുള്ള അടിയന്തര ഫോൺനമ്പറുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു.