ബെംഗളൂരു : ദക്ഷിണന്ത്യക്കാരുടെ ഒഴിച്ചു കൂടാനാകാത്ത ഒരു മധുരപലഹാരമാണ് മൈസൂർ പാക്ക് എന്നു പറഞ്ഞാൽ ആരും എതിർക്കുമെന്ന് തോന്നുന്നില്ല.
കർണാടകയിലേയും ആന്ധ്രയിലേയും തമിഴ് നാട്ടിലേയും കേരളത്തിലെയും മധുര പലഹാര പീടികകളിലെ ചില്ലു കൂടിനുള്ളിൽ വിരചിക്കുന്ന മൈസൂർ പാക്കിനെ അങ്ങിനെ തള്ളിക്കളയാനാകില്ല.
ധാരാളം പേർ ഒത്തുകൂടുന്ന കുടുംബത്തിലെ സന്തോഷ സന്ദർഭങ്ങളിലും മൈസൂർ പാക്ക് ഒരു പ്രധാന ആകർഷണമായ മധുര പലഹാരം തന്നെയാണ്.
കാവേരി നദിയെപ്പോലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി “ഐഡൻറിറ്റി ക്രൈസിസ് ” നേരിടുന്ന ഒരാൾ ആണ് മൈസൂർ പാക്ക്.
തമിഴ്നാട്ടുകാർ മൈസൂർ പാക്ക് അവരുടെതാണ് എന്ന് അവകാശപ്പെടുമ്പോൾ നമ്മ കന്നഡിഗർ ഒരു പൊടിപോലും വിട്ടുകൊടുക്കാൻ താൽപ്പര്യപ്പെടുന്നില്ല, പേരിൽ തന്നെ മൈസൂരുള്ളപ്പോൾ മറ്റൊരാൾക്ക് എങ്ങനെ അവകാശം സ്ഥാപിക്കാൻ കഴിയുമെന്ന് അവർ.
എന്ത് തന്നെയായാലും ഈ മധുര പലഹാരം ഉണ്ടായ കഥ കുറച്ച് വിചിത്രമാണ്, കഥ തുടങ്ങാം…
വൊഡയാർ (മലയാളത്തിൽ ഉടയോർ) രാജവംശത്തിലെ കൃഷ്ണ രാജ വൊഡയാർ നാലാമൻ മൈസൂരു കേന്ദ്രമാക്കി നാട് ഭരിച്ചിരുന്ന കാലം.
ഭക്ഷണ പ്രിയനായ രാജാവിൻ്റെ അംബ വിലാ കൊട്ടാരത്തിലെ പ്രധാന പാചക വിദഗ്ധനായിരുന്നു കാകാസുര മാഡപ്പ.
കൊട്ടാരത്തിലെ ഒരു പ്രധാന ചടങ്ങുമായി ബന്ധപ്പെട്ട് അതിഥികൾക്ക് ഭക്ഷണമെല്ലാം തയ്യാറാക്കിയതിന് ശേഷമാണ് മാഡപ്പക്ക് ഓർമ്മ വന്നത് മധുര പലഹാരം തയ്യാറാക്കിയിട്ടില്ല എന്ന സത്യം, തിരുവെഴുന്നൊള്ളത്തിന് ഇനി കുറച്ച് സമയമേ ഭാക്കിയുള്ളൂ…
മാഡപ്പയുടെ ഉള്ളിലുള്ള ശാസ്ത്രജ്ഞൻ ഉണർന്നു, കയ്യിൽ കിട്ടിയ പഞ്ചസാരയും കടലപ്പരിപ്പും നെയ്യുമെല്ലാം ചേർത്ത് ഒരു വിഭവം ഞൊടിയിടയിൽ തയ്യാർ.
ഭക്ഷണം കഴിച്ച രാജാവിന് ഭയങ്കര സന്തോഷം, പ്രത്യേകിച്ച് അവസാനം കഴിച്ച ആ മധുര പലഹാരം, കിടുവായി എന്ന് രാജാവ്.
മുഖ്യപാചകക്കാരനെ സന്തോഷമറിയിക്കുകയും ഒന്ന് അഭിനന്ദിക്കുകയും ചെയ്യാമെന്നാലോചിച്ച് മുന്നിലേക്ക് വിളിച്ചു, ഭക്ഷണം നന്നായിട്ടുണ്ട്, അവസാനം കഴിച്ച പുതിയ മധുര പലഹാരം അതിഗംഭീരം, അതിൻ്റെ പേരറിയാൻ തനിക്ക് താൽപര്യമുണ്ടെന്നായി രാജൻ.
കൂടുതൽ ചിന്തിക്കാതെ മാഡപ്പ മറുപടി നൽകി ,രാജൻ ഇതാണ് മൈസൂർപാക്ക് രാജാവിനും സന്തോഷമായി.
പഞ്ചസാരയും ശർക്കരയും എല്ലാം ചൂടാക്കി ഒരുക്കുന്നതിനെ”പാക്ക്/പാക്കം” തുടങ്ങിയ പദങ്ങൾ കൊണ്ടാണ് സാധാരണ സൂചിപ്പിക്കാറുള്ളത്, മൈസൂരു രാജ്യത്തിൻ്റെ പേരുമായി ഇതിനെ ചേർത്തപ്പോൾ രാജ്യത്തെ ഏറ്റവും നല്ല ഒരു മധുര പലഹാരത്തിൻ്റെ പേര് രൂപപ്പെടുകയായി.
തീർന്നില്ല തൻ്റെ മുഖ്യ പാചകക്കാരന് മൈസൂർ പാർക്ക് നിർമ്മിച്ച് വിൽക്കാൽ കൊട്ടാരത്തിന് പുറത്ത് സ്ഥലവും വൊഡയാർ നൽകി.
മാഡപ്പയുടെ കുടുബത്തിലെ പുതു തലമുറയിൽ പെട്ടവരാണ് മൈസൂരുവിലെ ദേവരാജ മാർക്കറ്റിലെ”ഗുരുസ്വീറ്റ്സ്”എന്ന സ്ഥാപനം ഇപ്പോൾ നടത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.