50.7 കോടിയുടെ പദ്ധതിക്ക് അംഗീകാരം; നഗരത്തിലെ ആറ് ജംങ്ഷനുകൾ ഇനി പുതുമോടിയിലേക്ക്

ബെംഗളൂരു: നഗരത്തിലെ ആറ്ു പ്രധാന ജങ്ഷനുകൾ നവീകരിക്കാനുള്ള ബി.ബി.എം.പി.യുടെ 50.7 കോടിയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിന് തൊട്ടുമുമ്പ് ഇതുസംബന്ധിച്ച ഉത്തരവ് നഗരവികസനവകുപ്പ് പുറത്തിറക്കിയിരുന്നു.ദൊഡ്ഡനഗുണ്ഡി മെയിൻ റോഡ്, ബാനസവാടി മെയിൻ റോഡ്, അനന്ത്‌റാവു സർക്കിൾ, മൈസൂരു റോഡ് ബെൽ ജങ്ഷൻ, സുമനഹള്ളി ജങ്‌ഷൻ, ശിവാനന്ദ സർക്കിൾ ജങ്ഷൻ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട ജങ്ഷനുകൾ.

കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതരത്തിൽ നടപ്പാതകളും മേൽനടപ്പാതകളും ഇവിടെ നിർമിക്കും. സൈക്കിൾ പാതകളും ഒരുക്കും.ബാനസവാടി മെയിൻ റോഡിന്റെ നവീകരണത്തിനുമാത്രം 23.54 കോടിരൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ദൊഡ്ഡനഗുണ്ഡി മെയിൻറോഡിന് 9.6 കോടിയും നീക്കിവെച്ചു. ജങ്ഷനിലെ റോഡുകളുടെ വീതി വർധിപ്പിക്കുന്നതിനുൾപ്പെടെ ഈ തുക വിനിയോഗിക്കും.

അനന്ത്‌റാവു സർക്കിളിന് 2.16 കോടിയും മൈസൂരു റോഡ് ബെൽ ജങ്‌ഷന് 3.28 കോടിയും സുമനഹള്ളി ജങ്‌ഷന് 2.7 കോടിയും ശിവാനന്ദ സർക്കിളിന് 4.36 കോടിയും ചെലവിടും.നഗരത്തിൽ കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടനുഭവപ്പെടുന്ന 75 ജങ്ഷനുകളുടെ പട്ടിക ബി.ബി.എം.പി. നേരത്തേ തയ്യാറാക്കിയിരുന്നു. നാലുവർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ഇവ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സ്ഥലം ലഭ്യമായ ഇടങ്ങളിൽ വാഹനങ്ങൾക്ക് ‘പേ ആൻഡ് പാർക്ക്’ സൗകര്യവും ഒരുക്കും. പൂന്തോട്ടവും നിർമിക്കും.നഗരത്തിലെ ഒട്ടുമിക്ക ജങ്ഷനുകളിലും കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മതിയായ സൗകര്യങ്ങളില്ലെന്ന പരാതികൾ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ജങ്ഷനുകൾ നവീകരിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us