ബെംഗളൂരു: ഇന്ന് അന്താരാഷ്ട്ര വനിതാദിനം, ”ഡിജിറ്റല്‍ ലോകം എല്ലാവര്‍ക്കും: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്” എന്നതാണ് ഇത്തവണ വനിതാ ദിനത്തിന് ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. സാങ്കേതികവിദ്യ അതിവേഗം ബഹുദൂരം മുന്നോട്ടു പോകുമ്പോള്‍ ലിംഗപരമായ സാമൂഹിക അസമത്വത്തെ എങ്ങനെ മറികടക്കാമെന്നും, സാങ്കേതിക മേഖലയിലെ ലിംഗവിവേചനം എത്രത്തോളമെന്നുമുള്ള ചര്‍ച്ചയാണ് ഈ മുദ്രാവാക്യത്തിന്റെ ഉദ്ദേശ്യം.
വെര്‍ച്വല്‍ റിയാലിറ്റി ലോകത്താണ് ഇന്ന് നമ്മെളെല്ലാവരും ജീവിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തെ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യാവുന്ന സാങ്കേതിക വിദ്യകള്‍ നിലവിലുള്ള ഇക്കാലത്ത് ലിംഗസമത്വത്തിന് സാങ്കേതികവിദ്യയുടെ കൂട്ട് കൂടി വേണം. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സാമൂഹികതലങ്ങളിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും മാത്രമല്ല, സമത്വമെന്നൊരാശയം ഇന്ന് വെര്‍ച്വല്‍ ആവുക കൂടിയാണ്.
അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2050ല്‍ 75 ശതമാനം ജോലികളും STEM മേഖലയുമായി ബന്ധപ്പെട്ടാകും. ലോകത്താകമാനം നോക്കിയാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ജോലി ചെയ്യുന്നത് വെറും 22 ശതമാനം സ്ത്രീകള്‍ മാത്രമാണ്. ഓണ്‍ലൈന്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഡിജിറ്റല്‍ ലോകത്ത് നിന്ന് വലിയൊരു ശതമാനം സ്ത്രീകളെ മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് കണക്കുകള്‍. 125 രാജ്യങ്ങളില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തകരില്‍ നടത്തിയ സര്‍വേയില്‍ 73 ശതമാനം പേരും തങ്ങളുടെ ജോലിക്കിടെ ഓണ്‍ലൈന്‍ അക്രമത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.
2022ലെ ജെന്‍ഡര്‍ സ്‌നാപ്‌ഷോട്ട് റിപ്പോര്‍ട്ട് പ്രകാരം 51 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 38 ശതമാനം സ്ത്രീകളും ഓണ്‍ലൈന്‍ അതിക്രമം നേരിടുന്നുണ്ട്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ റിപ്പോര്‍ട്ട് പ്രകാരം 2022 വരെയുള്ള കണക്ക് പ്രകാരം 63 ശതമാനം സ്ത്രീകള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. പുരുഷന്‍മാര്‍ 69 ശതമാനവും. അതേസമയം ഡിജിറ്റല്‍ ടെക്‌നോളജി സ്ത്രീശാക്തീകരണത്തിനായി തുറന്നിട്ട വാതിലുകളെയും കാണാതിരിക്കാനാകില്ല. പെണ്‍കുട്ടികളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഇടം നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. എല്ലാത്തരം അസമത്വങ്ങളും ഇല്ലാതാക്കാനുള്ള അവസരംമൊരുക്കാനും ഡിജിറ്റല്‍ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
1975ല്‍ ഐക്യരാഷ്ട്രസഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇതിന് മുന്നേ തന്നെ വനിതാ ദിനമായി മാര്‍ച്ച് എട്ട് ആചരിച്ച് വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് ഈ ദിനത്തിന് ഏറെ ശ്രദ്ധകിട്ടി തുടങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.