കൊച്ചി: അവസാന മത്സരങ്ങളിലെ മോശം പ്രകടനങ്ങളെ മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താൻ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്. അവസാന നാല് മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ അനായാസ ജയം ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും സാള്‍ട്ട് ലേക്കില്‍ ബ്ലാസ്റ്റേഴ്സിന് കാലിടറുകയായിരുന്നു. ഇതോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമായി.
നിലവില്‍ 16 കളികളില്‍ നിന്നും 28 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അതേസമയം പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ചെന്നൈയിന് അവസാന ഏഴ് മത്സരങ്ങളും ജയിച്ചിട്ടില്ല. വിജയവഴിയില്‍ തിരിച്ചെത്തുക തന്നെയാവും ചെന്നൈയിനും ലക്ഷ്യമിടുന്നത്. സീസണിലെ ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.
അതേസമയം ആരാധകര്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകമനോവിച്ച് പറഞ്ഞു. ഓരോ മത്സരങ്ങളും പ്രവചനാതീതമാണെന്നും ചെന്നൈക്കെതിരെ താരങ്ങള്‍ നല്ല പ്രകടനം കാഴ്ചവെക്കും. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം മാര്‍കോ ലെസ്കോവിച്ച് പരിശീലനം പുനരാരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ലെസ്കോവിച്ചിന്റെ അഭാവം ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയെ തന്നെ താളം തെറ്റിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ മത്സരങ്ങളില്‍ ദൃശ്യമായത്.
തിരിച്ചടിക്കാന്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കുന്ന മുന്നേറ്റ നിരയും അവസാന മത്സരത്തിലെ തോല്‍വിക്ക് കാരണമായി. ഈ പിഴവുകള്‍ മറികടന്ന് ശേഷിക്കുന്ന മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനാവും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ബംഗളൂരു, എടികെ മോഹന്‍ ബഗാന്, ഹൈദരാബാദ് എന്നിവരാണ് വരും മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.