വോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവം, 2 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: വോട്ടർമാരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ്, ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ എസ് രംഗപ്പ എന്നിവരെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വോട്ടർമാരുടെ വിവര ചോർച്ചയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നവംബർ 17-ന്, ചിലുമേ എജ്യുക്കേഷണൽ കൽച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ട്രസ്റ്റ് എന്ന എൻജിഒ, ബിബിഎംപി പ്രദേശങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങളുടെ മറവിൽ ബെംഗളൂരു നഗരത്തിലെ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതായുള്ള റിപ്പോർട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു.

സസ്‌പെൻഡ് ചെയ്യപ്പെട്ട രണ്ട് ഐഎഎസ് ഓഫീസർമാരും മണ്ഡലങ്ങളുടെ ചുമതലയുള്ളവരായിരുന്നു. ശിവാജിനഗർ, ചിക്ക്‌പേട്ട്, മഹാദേവപുര എന്നീ മൂന്ന് മണ്ഡലങ്ങളിൽ 2022 ജനുവരി ഒന്നിന് ശേഷമുള്ള വോട്ടർപട്ടികയിലെ ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും പരിശോധിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരണ വിവാദം സംസ്ഥാന സർക്കാർ നിഷ്‌പക്ഷമായ രീതിയിൽ അന്വേഷിക്കണമെന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥർ/ സംഘടന/ സംഘടനാ ഏജൻസികൾ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്ത വോട്ടർപട്ടിക പരിഷ്കരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. സർക്കാർ അതിനെ സ്വാഗതം ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ നടത്തണം. വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നിട്ടും ചില സ്ഥലങ്ങളിൽ ബോധപൂർവം പേരുകൾ നീക്കം ചെയ്തു,- ബസവരാജ് ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us