ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള സഹോദരങ്ങൾ ഒന്നിച്ചു

ഇന്ത്യക്കാരനായ സിക്ക ഖാൻ 1947 -ലെ വിഭജനത്തിന് ശേഷം തന്റെ പാകിസ്ഥാനിലുള്ള സഹോദരനെ ആദ്യമായി കണ്ടുമുട്ടിയിരിക്കയാണ്. കോളനി ഭരണത്തിൻ്റെ അവസാനം സിക്ക ഖാനും സഹോദരൻ സാദിഖ് ഖാനും വേർപിരിഞ്ഞു. ഈ കൂടിച്ചേരൽ ഏഴ് പതിറ്റാണ്ടിന്റെ വേർപാടിന് ശേഷമാണ്. സിക്കയ്ക്ക് അന്ന് ആറ് മാസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. സിക്കയുടെ പിതാവും സഹോദരിയും വംശീയ കലാപത്തിൽ കൊല്ലപ്പെട്ടു. എന്നാൽ സഹോദരൻ സാദിഖ് എങ്ങനെയോ പാകിസ്ഥാനിൽ എത്തിപ്പെട്ടു. 10 വയസ് മാത്രമായിരുന്നു അന്ന് സാദിഖിന് പ്രായം. ‘ആ വേദന എന്റെ അമ്മയ്ക്ക് സഹിക്കാനായില്ല. അവർ നദിയിൽ ചാടി ജീവിതം അവസാനിപ്പിച്ചു’ പഞ്ചാബിലെ ബട്ടിൻഡയിലെ വീട്ടിലിരുന്ന് സിക്ക പറയുന്നു.

സിക്ക വളർന്നത് നല്ലവരായ ചില നാട്ടുകാരുടെയും ബന്ധുക്കളുടെയും ദയയിലാണ്. ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ തന്റെ സഹോദരനെ കണ്ടെത്തണമെന്ന് സിക്കയ്ക്ക് വലിയ ആഗ്രഹമായിരുന്നു. അതിനു ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒരു ഡോക്ടർ മൂന്ന് വർഷം മുമ്പ് സഹായത്തിനെത്തിയതോടെയാണ് അന്വേഷണത്തിൽ എന്തെങ്കിലും പുരോ​ഗതി ഉണ്ടായത്. പാകിസ്ഥാനി യൂട്യൂബറായ നാസിർ ധിലന്റെ കൂടി സഹായത്താൽ ഒരുപാട് ഫോൺവിളികൾക്ക് ശേഷം സിക്ക തന്റെ സഹോദരൻ സാദിഖുമായി ഒടുവിൽ ഒന്നിച്ചു.

പാകിസ്ഥാനിൽ കർഷകനും റിയൽ എസ്റ്റേറ്റ് ഏജന്റുമാണ് 38 -കാരനായ ധിലൻ. താനും തന്റെ സിഖ് സുഹൃത്തായ ഭൂപീന്ദർ സിങ്ങും ചേർന്ന് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ 300 കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിച്ചതായി ധിലൻ പറയുന്നു. സഹോദരങ്ങൾ കർതാപൂർ ഇടനാഴിയിൽ വച്ചാണ് കണ്ടുമുട്ടിയത്. പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചുകൊണ്ടും ഇരുവരും സ്നേഹം പങ്കിട്ടു. ‘ഇന്ത്യയിൽ നിന്നാണ് ഞാൻ, സഹോദരൻ പാകിസ്ഥാനിൽ നിന്നാണ്. പക്ഷെ ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹം നിലനിൽക്കുന്നു’ എന്ന് സിക്ക പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us