കൊല്ലം : ബെംഗളൂരു സ്ഫോടന കേസ് വിചാരണയുടെ അവസാന ഘട്ടത്തില്‍ പുതിയ തെളിവുകള്‍ ഉണ്ടെന്ന പേരില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് മഅ്ദനിയെ അനന്തകാലം വിചാരണ തടവുകാരനാക്കി ജയിലിലടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു.
കര്‍ണാടകയുടെ ഈ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ സാധ്യമാകുന്ന നയപരവും നിയമപരവുമായ ഇടപെടലുകള്‍ നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഈ ആവശ്യം കര്‍ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2014ല്‍ സുപ്രീം കോടതി നാലു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് എട്ട് വര്‍ഷമായി. വിചാരണ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ ഇപ്പോള്‍ ഈ അവശ്യം ഉയര്‍ത്തുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്.
ഇപ്പോള്‍ ബംഗളൂരുവില്‍ ചികിത്സാര്‍ത്ഥം കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില അത്യന്തം വഷളായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സ്ട്രോക്ക് വന്നത് അദ്ദേഹത്തിന്റെ ചലന ശേഷിയെ ബാധിച്ചിട്ടുണ്ട്. കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. മഅ്ദനിയെ കേരളത്തിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നിയമപരമായ നീക്കം കേരള സര്‍ക്കാര്‍ നടത്തണം. മഅ്ദനിക്കെതിരെ നിരന്തരം തുടരുന്ന നീതിനിഷേധത്തിനെതിരെ കേരളത്തിലെ പൗരസമൂഹവും ശബ്ദമുയര്‍ത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി ഡോ. അശോകന്, ജില്ലാ സെക്രട്ടറി കബീര്‍ പോരുവഴി എന്നിവര്‍ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.