ഉറക്കത്തിൽ യുവതി കൊണ്ടുപോയി കളഞ്ഞത് 15 ലക്ഷത്തിന്റെ ആഭരണങ്ങൾ

ചെന്നൈ: ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന യുവതി ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത് 43 പവന്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ്.

ചെന്നൈ കാഞ്ചീപുരം ജില്ലയിലെ കുന്ദ്രത്തൂരിലാണ് സംഭവം. 35 -കാരിയായ യുവതി തന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞത്. വിഷാദരോഗവും, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവം യുവതിക്ക് ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തെകുറിച്ച് പോലീസ് പറയുന്നത്

തിങ്കളാഴ്ച പുലര്‍ചെയാണ് ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന യുവതി അടുത്തുള്ള എടിഎമിനുള്ളിലെ ചവറ്റുകുട്ടയില്‍ സ്വര്‍ണാഭരണം സൂക്ഷിച്ച ബാഗ് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. സ്ഥലത്തെ സിസിടിവി പരിശോധിച്ചതോടെയാണ് പോലീസ് ആഭരണങ്ങള്‍ കണ്ടെടുത്തത്. ബാഗിനുള്ളില്‍ 43 പവന്‍ സ്വര്‍ണമുണ്ടായിരുന്നു.

കാഞ്ചീപുരം ജില്ലയിലെ കുന്ദ്രത്തൂര്‍ മുരുകന്‍ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ ഒരു സ്വകാര്യ ബാങ്കും എടിഎം കൗന്‍ഡറും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജൂലൈ അഞ്ചിന് രാവിലെ എടിഎം പരിസരത്ത് വന്നപ്പോള്‍ ചവറ്റുകുട്ടയില്‍ ഒരു ഹാന്‍ഡ്ബാഗ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു.

ബാഗ് തുറന്നപ്പോള്‍ അതിനകത്ത് ആഭരണങ്ങള്‍ കണ്ട് അദ്ദേഹം ഞെട്ടി. ഉടന്‍ തന്നെ അദ്ദേഹം ഇക്കാര്യം ബാങ്ക് മാനേജരെ അറിയിച്ചു. തുടര്‍ന്ന് കുന്ദ്രത്തൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും കുന്ദ്രത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കുകയും ചെയ്തു. പിന്നാലെ ഇന്‍സ്‌പെക്ടര്‍ ചന്ദ്രുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ആഭരണങ്ങള്‍ ശേഖരിച്ചു. പിന്നീട് ഉടമസ്ഥനെ തേടിയുള്ള അന്വേഷണമായിരുന്നു.

എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവതി അകത്തു കടക്കുന്നതും ബാഗ് ചവറ്റുകുട്ടയില്‍ വലിച്ചെറിയുന്നതും പോലീസ് കണ്ടു. ഇതിനിടെ യുവതിയുടെ മാതാപിതാക്കള്‍ തന്റെ മകളെ പുലര്‍ചെ നാല് മണി മുതല്‍ വീട്ടില്‍ നിന്ന് കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, രാവിലെ ഏഴ് മണിയോടെ മകള്‍ വീട്ടില്‍ തിരിച്ചെത്തിയെന്നും ദമ്പതികള്‍ പിന്നീട് പറഞ്ഞു.

സംശയം തോന്നിയതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ക്ക് പോലീസ് എ ടി എമിന് അകത്തെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച്‌ കൊടുത്തു. ഇതോടെ അതില്‍ കാണുന്നത് തങ്ങളുടെ മകളാണെന്ന് അവര്‍ സ്ഥിരീകരിച്ചു. രണ്ടും ഒരാളാണെന്ന് ബോധ്യപ്പെട്ടതോടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ദമ്പതികളോട് പോലീസ് ആവശ്യപ്പെട്ടു.

പരിശോധനയില്‍ വീട്ടിലുള്ള ആഭരണങ്ങള്‍ കാണാനില്ലായിരുന്നു. 43 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ മകള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞുവെന്ന് പോലീസ് മാതാപിതാക്കളോട് പറഞ്ഞു. തങ്ങളുടെ മകള്‍ അസുഖമുള്ള ആളാണെന്ന് പോലീസിനെ അവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us