ബെംഗളൂരു: 34 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സിവിൽ എഞ്ചിനീയർ മിഥുൻ കുമാറിന്റെ (28) മൃതദേഹം ഞായറാഴ്ച രാവിലെ കെആർ പുരത്തെ തുറന്ന ഓടയിൽ നിന്ന് പുറത്തെടുത്തു. കെആർ പുരത്തെ ഗായത്രി ലേഔട്ടിൽ താമസിക്കുന്ന മിഥുൻ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെ തുടർന്ന് വീടിനോട് ചേർന്നുള്ള സ്റ്റോം വാട്ടർ ഡ്രെയിനിലേക്ക് (എസ്ഡബ്ല്യുഡി) ഒലിച്ചുപോയത്.
വെള്ളിയാഴ്ച രാത്രി ജാഗ്രതാ നിർദേശം ലഭിച്ചയുടൻ മൃതദേഹം തിരച്ചിൽ നടത്താൻ 50 എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും സംഘത്തെ വിന്യസിച്ചിരുന്നു തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ ഇവർ തിരച്ചിൽ നടത്തിയിരുന്നു എന്നാൽ വിഫലമായതോടെ ഞായറാഴ്ച രാവിലെ 7 മണിക്കാണ് തിരച്ചിൽ പുനരാരംഭിച്ചതെന്ന് മഹാദേവപുര സോണിലെ ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ ഡോ.കെ.വി ത്രിലോക് ചന്ദ്ര പറഞ്ഞു.
കനത്ത മഴയിൽ നിറഞ്ഞൊഴുകിയ മഴവെള്ളം ഒഴുകിപ്പോകുന്നതിന് തൊട്ടടുത്താണ് കുമാറിന്റെ വീട്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളവും തുറന്ന ഓടയിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. നിർത്തിയിട്ടിരുന്ന ബൈക്ക് ഒലിച്ചുപോകാതിരിക്കാൻ ശ്രമിക്കുന്നതിനിടെ കുമാർ ഓടയിൽ വീഴുകയായിരുന്നു. യുവാവിനെ കൂട്ടുകാർ അഴുക്കുചാലിൽ നിന്ന് ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും യുവാവ് ഒലിച്ചുപോവുകയുമാണ് ഉണ്ടായത്.
കുമാറിന്റെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ ശിവമോഗ ജില്ലയിലെ സാഗറിൽ നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.