ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംസിആർഎൽ) മെട്രോ പദ്ധതി ബൊമ്മസാന്ദ്ര മുതൽ ഹൊസൂർ വരെ 20.5 കിലോമീറ്റർ നീളത്തിൽ നീട്ടാൻ കർണാടക അനുമതി നൽകിയതായി കൃഷ്ണഗിരി എംപി ഡോ. എ ചെല്ലകുമാർ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ പഠനം നടത്താൻ തമിഴ്‌നാട് സർക്കാരിനോട് കർണാടക ആവശ്യപ്പെട്ടട്ടുണ്ട്.
മെയ് 23 ന് ഇത് സംബന്ധിച്ച് ബിഎംആർസിഎൽ ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന് (എംഒഎച്ച്‌യുഎ) നിർദ്ദേശം അയച്ചതായി ചെല്ലകുമാർ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഎംആർസിഎൽ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആർവി റോഡ് മെട്രോ സ്റ്റേഷൻ മുതൽ ബൊമ്മസാന്ദ്ര വരെയാണ് നടപ്പാക്കുന്നത്. ഒന്നാം ഘട്ടം.ഇതിനോടൊപ്പം തമിഴ്‌നാട്ടിലെ ഹൊസൂർ വരെയുള്ള 20.5 കിലോമീറ്റർ പാത കർണാടക മുഖ്യമന്ത്രി അംഗീകരിച്ചു. ഇതിൽ 11.7 കിലോമീറ്റർ കർണാടകയിലും ബാക്കി 8. 8 കിലോമീറ്റർ തമിഴ്‌നാട്ടിലുമാണ് വരുക. എന്നാൽ കർണാടക സർക്കാർ ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിക്കഴിഞ്ഞു. കൂടാതെ ബൊമ്മസാന്ദ്ര മുതൽ ഹൊസൂർ വരെയുള്ള മെട്രോ പാതയ്ക്കായി തമിഴ്‌നാടിന് പഠനം നടത്താമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ബൊമ്മസാന്ദ്ര മുതൽ ഹൊസൂർ വരെയുള്ള ഇടനാഴി രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ കടന്നുപോകുമെന്നതിനാൽ, പദ്ധതിച്ചെലവ് പങ്കിടുന്നതിലും ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ സാമ്പത്തിക പിന്തുണയും ഏകോപിപ്പിക്കേണ്ടതുണ്ടെന്നും എംപി കൂട്ടിച്ചേർത്തു. മെട്രോ സർവീസ് നീട്ടുന്നതുമായി ബന്ധപ്പെട്ട വിഷയം എംപി ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു, ഇത് ബിഎംആർസിഎൽ ധാരണാപത്രത്തിനുള്ള നിർദേശത്തിൽ ചൂണ്ടിക്കാട്ടിയട്ടുണ്ട്.
സ്ഥിരമായി ബംഗളൂരുവിലേക്ക് ജോലിക്കായി പോകുന്ന ഹൊസൂരിലെ ആയിരക്കണക്കിന് ആളുകളുടെ സ്വപ്ന പദ്ധതിയാണിതെന്നും പദ്ധതി നടപ്പായാൽ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് സാമൂഹികമായും സാമ്പത്തികമായും ഗുണം ചെയ്യുമെന്നും ചെല്ലകുമാർ പറഞ്ഞു.
നിർദ്ദേശം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് എംപി പറഞ്ഞു. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കർണാടക മുഖ്യമന്ത്രിക്ക് കത്തെഴുതും.