ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ കാക്കി നിക്കര്‍ കത്തിക്കല്‍ പ്രതിഷേധത്തിന് മറുപടിയുമായി ആര്‍എസ്എസും ബിജെപിയും രംഗത്ത്
കോണ്‍ഗ്രസ് ഓഫിസിലേക്ക് അടിവസ്ത്രങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. ഇതിനായി അടിവസ്ത്രങ്ങള്‍ ശേഖരിക്കാനും ആരംഭിച്ചതായി റിപ്പോർട്ട്. സിദ്ധരാമയ്യയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അടിവസ്ത്രം അയഞ്ഞിരിക്കുകയാണെന്ന് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി പറഞ്ഞു. അവരുടെ അടിവസ്ത്രം കീറിയിരിക്കുകയാണ്. അങ്ങനെയാണ് അവര്‍ കത്തിക്കാന്‍ മുന്നിട്ടിറങ്ങിയത്. യുപിയില്‍ അവര്‍ക്ക് അടിവസ്ത്രം നഷ്ടപ്പെട്ടു. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയുടെ അടിവസ്ത്രവും ലുങ്കിയും നഷ്ടപ്പെട്ടു. ഇപ്പോള്‍ സംഘത്തിന്റെ അടിവസ്ത്രം കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ധരാമയ്യക്ക് അടിവസ്ത്രം കത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വീടിനുള്ളില്‍ കത്തിക്കട്ടെയെന്നും മറ്റൊരു ബിജെപി നേതാവ് ചളവാദി നാരായണസ്വാമി പറഞ്ഞു. എസ്സി മോര്‍ച്ചയുടെ എല്ലാ ജില്ലാ പ്രസിഡന്റുമാരോടും സിദ്ധരാമയ്യയെ സഹായിക്കാന്‍ പറഞ്ഞിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി തേടണമെന്നും അടിവസ്ത്രം കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ നിലവാരം ഇത്തരത്തില്‍ താഴുമെന്ന് കരുതിയിരുന്നില്ലെന്നും നാരായണ സ്വാമി അഭിപ്രായപ്പെട്ടു.
ചിക്കമംഗ്ലൂരുവില്‍ കാക്കി നിക്കര്‍ കത്തിച്ച് കഴിഞ്ഞ ദിവസം എന്‍ എസ് യു ഐ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കാക്കി നിക്കര്‍ കത്തിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെയും കത്തിച്ചത്. പാഠപുസ്തകങ്ങളില്‍ കാവിവത്കരണം ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ വസതിക്ക് മുന്നിലാണ് കാക്കി നിക്കര്‍ കത്തിച്ച് പ്രതിഷേധിച്ചത്. ആര് എസ് എസ് അജണ്ടക്കെതിരെ കൂടുതല്‍ ഇടങ്ങളില്‍ കാക്കിനിക്കര്‍ കത്തിച്ച് പ്രതിഷേധിക്കുമെന്ന് സിദ്ധരാമയ്യ പ്രസ്താവന നടത്തിയിരുന്നു.
ആര്‍എസ്എസ് ആശയങ്ങള്‍ പാഠപുസ്തകങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 15 എന്‍ എസ് യു പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വീടാക്രമിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെന്നായിരുന്നു ഇതിന് പിന്നാലെ ബിജെപി ആരോപിച്ചത്. കോണ്‍ഗ്രസ് സ്വന്തം നിക്കര്‍ കീറിയ നിലയിലാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ഇടങ്ങളിലേക്ക് കാക്കി നിക്കര്‍ കത്തിക്കല്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സിദ്ദരാമയ്യ പറഞ്ഞത്.
ശ്രീനാരായണ ഗുരു, പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവെരക്കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി പകരം പുസ്തകത്തിൽ ആര് എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിരുന്നു. സിലബസ് പരിഷ്കരണ സമിതിയുടെ തീരമാനങ്ങള്‍ റദ്ദാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.