കർണാടക കോൺഗ്രസിൽ പുതിയ പൊട്ടിത്തെറിക്ക് തുടക്കമിട്ട് സിദ്ധരാമയ്യ

ബെംഗളൂരു: അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അഭിമാന പോരാട്ടമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തെ താഴെയിറക്കി അധികാരം പിടിച്ച ബി ജെ പിയെ ഏത് വിധേനയും ഇക്കുറി താഴെയിറക്കുമെന്നാണ് കോൺഗ്രസ്‌ നേതാക്കളുടെ അവകാശവാദം.

എന്നാല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും കോണ്‍ഗ്രസിന് തലവേദന തീര്‍ക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കം. മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയും പാര്‍ട്ടി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. തര്‍ക്കം മുറുകിയതോടെ നേരത്തേ ഹൈക്കമാന്റ് ഇടപെടുകയും നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണെന്ന് സിദ്ധരമായ്യയും ഡികെ ശിവകുമാറും നേരത്തേ പ്രതികരിച്ചിരുന്നു. എന്നാല്‍ സിദ്ധരാമയ്യയുടെ പുതിയ പ്രസംഗമാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തര്‍ക്കത്തിന് വഴി തുറന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ദളിത് സംഘര്‍ഷ സമിതി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സിദ്ധരാമയ്യയുടെ പ്രസംഗം. താന്‍ അടുത്ത മുഖ്യമന്ത്രിയായാല്‍ ദളിതരുടെ പ്രശ്നങ്ങളില്‍ ഇടപെടുമെന്നായിരുന്നു സിദ്ധരമായ്യ പറഞ്ഞത്. കോണ്‍ഗ്രസ് ഇക്കുറി അധികാരത്തിലേറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ സിദ്ധരമായ്യയുടെ അനുയായി ആയ ചമ്‌രാജ്പേട്ട് എം‌എല്‍‌എ ബി‌സെഡ് സമീര്‍ അഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം.

അതിനിടെ സിദ്ധരമായ്യയുടെ കീഴില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എളുപ്പം അധികാരം നേടാനാകുമെന്ന് പ്രതികരിച്ച്‌ കെ പി സി സി ജനറല്‍ സെക്രട്ടറിയും സിദ്ധരാമയ്യയുടെ വിശ്വസ്തനുമായ മലവള്ളി ശിവണ്ണയും രംഗത്തെത്തി. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസസമയം ഇത്തരം പ്രതികരണങ്ങളില്‍ സിദ്ധരാമയ്യ ക്യാമ്പിനെതിരെ ഡികെ ശിവകുമാര്‍ പക്ഷം രംഗത്തെത്തിയിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണെന്നായിരുന്നു കുനിഗല്‍ എം എല്‍ എയും ഡികെയുടെ അനുയായുമായ എച്ച്‌ഡി രംഗനാഥ് പറഞ്ഞത്. ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സമയത്ത് ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയുടെ സാധ്യതകളെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us