ബെംഗളൂരു: ഇന്ത്യയിലെ പകുതിയോളം സത്രീകളും പുരുഷന്മാരും ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോർട്ട്.
ഭാര്യക്ക് കല്‍പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ അവരെ ശാരീരികമായി ആക്രമിക്കുന്നതില്‍ തെറ്റില്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. കര്‍ണാടകയിലെ ബഹുഭൂരിപക്ഷം പേരും ഇതിലുള്‍പ്പെടുന്നുണ്ടെന്ന് ദേശീയ ദിനപത്രമായ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 76.9 ശതമാനം സ്ത്രീകളും 81.9 ശതമാനം പുരുഷന്മാരും ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്തുടനീളം 45 ശതമാനം സ്ത്രീകളും 44 ശതമാനം പുരുഷന്മാരും ഗാര്‍ഹിക പീഡനത്തോട് യോജിക്കുന്നുണ്ട്. തെലങ്കാന (83.8 ശതമാനം സ്ത്രീകളും 70.8 ശതമാനം പുരുഷന്മാരും), ആന്ധ്രപ്രദേശ് (83.6 ശതമാനം സ്ത്രീകളും 66.5 ശതമാനം പുരുഷന്മാരും) എന്നിങ്ങനെയുള്ള കണക്കുകൾ. ദക്ഷിണേന്ത്യയിലെ കൂടുതല്‍ പേരും ഗാര്‍ഹികപീഡനം ശരിയാണെന്ന് അഭിപ്രായപ്പെടുന്നവരായാണ് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ഭര്‍ത്താവിനോട് പറയാതെ പുറത്തുപോവുന്നത്, പാചകം ചെയ്യാത്തത്, വിശ്വസ്തത നഷ്ടപ്പെടുത്തുന്നത്, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് തുടങ്ങിയ സാഹചര്യങ്ങളില്‍ ഭാര്യയെ തല്ലുന്നതില്‍ കുഴപ്പമില്ലെന്നാണ് ചോദ്യാവലിക്ക് അനുസൃതമായി സര്‍വേയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍, സ്ത്രീകള്‍ വീടിനുള്ളില്‍ ആക്രമിക്കപ്പെടുന്നതിനെ സാധാരണവത്ക്കരിക്കുന്ന സമീപനമാണ് ഇത് വെളിപ്പെടുത്തുന്നതെന്നും ഈ സര്‍വേയുടെ രീതിശാസ്ത്രത്തെ ചോദ്യം ചെയുന്നതായും സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലെ രഞ്ജന കുമാരി പറഞ്ഞു. ഭക്ഷണം പാകം ചെയ്യുക, കുട്ടികളെ പരിപാലിക്കുക മുതലായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഗാര്‍ഹിക പീഡനം ശരിയാണെന്ന് സ്ഥാപിക്കുന്ന തരത്തിലാണ് വിവരശേഖരണം നടന്നതെന്ന് രഞ്ജന കുമാരി സർവേയെ കുറ്റപ്പെടുത്തി.
സ്ത്രീകളെ എങ്ങനെയെങ്കിലും കുറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന വിവരശേഖരണത്തില്‍ ഗാര്‍ഹിക പീഡന നിയമത്തെക്കുറിച്ച് എത്ര സ്ത്രീകള്‍ക്ക് അറിയാമെന്ന ചോദ്യം ഉള്‍പ്പെടുതാത്തതും അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനെ കുറിച്ചും ഗാര്‍ഹിക പീഡന നിയമത്തെക്കുറിച്ചും അവബോധം നല്‍കുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് സര്‍വേയില്‍ ഉണ്ടാകേണ്ടതെന്നും രഞ്ജന കുമാരി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.