ഗോവ : ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്സിക്ക് ജയം.
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ ഫൈനല്‍ മത്സരം അധിക സമയത്തേക്ക് നീണ്ടു.
അധിക സമയത്തിലും 1 – 1 സമനിലയിൽ തുടർന്ന മൽസരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്ന് 3 പേർ ഷൂട്ടൗട്ട് നഷ്ടപ്പെടുത്തി, ഹൈദരാബാദ് നിരയിൽ നിന്ന് ഒരാളും.
കിക്കോഫായി ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനുറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ ലോംഗ് റേഞ്ചര്‍ ഗില്ലിന്‍റെ കൈകളിലൊരുങ്ങി.
15-ാം മിനുറ്റില്‍ ഖബ്രയുടെ ക്രോസ് ഡയസിന്‍റെ തലയില്‍ തലോടി പുറത്തേക്ക് പോയി. 20-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്നുപോയി. തൊട്ടുപിന്നാലെ ആല്‍വാരോ വാസ്‌ക്വസ് ഹൈദരാബാദ് ഗോള്‍മുഖത്ത് കനത്ത ഭീഷണിയൊരുക്കി.
30-ാം മിനുറ്റില്‍ പോസ്റ്റിന്‍റെ വലത് ഭാഗത്തേക്ക് പതിവ് ശൈലിയില്‍ ലൂണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നില്‍. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തലയില്‍ കൈവെച്ചുപോയ നിമിഷമായിരുന്നു 39-ാം മിനിറ്റിൽ അല്‍വാരോ വാസ്‌ക്വസിന്റെ ഷോട്ട് ബാറിലിടിച്ച് മടങ്ങിയ നിമിഷം.
ആദ്യ 45 മിനിറ്റിന്റെ മത്സരം വിലയിരുത്തിയാല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമായ ഹൈദരബാദിനെ പിടിച്ചു കെട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ചിന്റെ തന്ത്രങ്ങള്‍ക്കായെന്നു വേണം കരുതാന്‍. കേവലം രണ്ടു തവണമാത്രമാണ് അവര്‍ക്ക് കേരളാ ഗോള്‍മുഖത്തേക്ക് ലക്ഷ്യം വയ്ക്കാന്‍ കഴിഞ്ഞത്.
68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തി.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കാണ് താരത്തിന് വിനയായത്. ഐഎസ്എല്‍ രണ്ടാം പാദ സെമിക്കു മുന്‍പാണ് സഹലിന് പരിക്കേറ്റത്. ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന സഹല്‍ അബ്ദുള്‍ സമദിനു പകരക്കാരനായാണ് രാഹുലിന് ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.