ചെന്നൈ : സീ തമിഴിൽ സംപ്രേക്ഷണം ചെയ്യുന്ന ജൂനിയർ സൂപ്പർ സ്റ്റാർ എന്ന പരിപാടിയുടെ സ്കിറ്റിൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിനെ അവതരിപ്പിച്ച കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടി സ്വദേശി വെങ്കിടേഷ് കുമാർ ബാബുവിനെ കയത്താർ പോലീസ് അറസ്റ്റ് ചെയ്തു.
ഐപിസി സെക്ഷൻ 153(എ) (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 506(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്‌ട് സെക്ഷൻ 67 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാബുവിനെ റിമാൻഡ് ചെയ്തു.
ഫെബ്രുവരി 19 ന് സംപ്രേഷണം ചെയ്ത ജൂനിയർ സൂപ്പർ സ്റ്റാറിന്റെ എപ്പിസോഡിൽ, സ്ത്രീ വിമോചനത്തെക്കുറിച്ചുള്ള പെരിയാറിന്റെ വീക്ഷണങ്ങളെക്കുറിച്ച് കുട്ടി പ്രസംഗിക്കുകയായിരുന്നു. “സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാർക്കും അപ്പുറമുള്ള ഒരു ജീവിതമുണ്ട്. അവർക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. ജാതിയും മതവും സംസ്കാരവും സ്ത്രീകളെ വിലങ്ങുതടിയാക്കുന്നു. സ്ത്രീകളെ കുട്ടികൾക്ക് ജന്മം നൽകാനുള്ള ഉപകരണമായി കാണുന്നത് നിർത്തുക…” കുട്ടി പറഞ്ഞിരുന്നു.
ഇതിൽ പ്രകോപിതനായ വെങ്കിടേഷ് കുമാർ ബാബു സാമൂഹിക മാധ്യമം വഴി ശനിയാഴ്ച തമിഴിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു, അതിൽ “കുട്ടിയെ കൊന്ന് ഒരു ജംഗ്ഷനിൽ തൂക്കിക്കൊല്ലണം. അപ്പോൾ മാത്രമേ മറ്റ് കുട്ടികളും അവരുടെ മാതാപിതാക്കളും ഭയപ്പെടുകയുള്ളൂ കുറിച്ചിരുന്നു.
അതേസമയം, പെരിയാർ സ്കിറ്റിൽ പങ്കെടുത്ത കുട്ടികളെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യാഴാഴ്ച ഓഫീസിലേക്ക് ക്ഷണിക്കുകയും അവരുമായി സംവദിക്കുകയും അവരുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.