ബെംഗളൂരു: കുമാരസ്വാമി ലേഔട്ടിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിക്കുകയും അവരുടെ കുടുംബാംഗങ്ങളിൽ ആറ് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. അനുസ്മരണ ചടങ്ങിനുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ ഗ്യാസ് സ്റ്റൗ ചോർന്നതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നും പോലീസ് പറഞ്ഞു.
കുമാരസ്വാമി ലേഔട്ടിലെ 16-ാം ക്രോസ്, 11-ാം മെയിൻ, രണ്ടാം ഘട്ടത്തിലാണ് അപകടം നടന്ന വീട് സ്ഥിതിചെയ്യുന്നത്. വീട്ടുടമസ്ഥനായ പുഷ്പരാജിന്റെ അച്ഛന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുകയും അതിനായി അടുത്ത കുടുംബത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഭക്ഷണം തയ്യാറാക്കുന്നതിനായി അടുപ്പും മറ്റ് അടുക്കള സാമഗ്രികളും വരാന്തയിലേക്ക് മാറ്റിയിരുന്നു എന്നാൽ സ്ത്രീകൾ ജോലികൾ ചെയ്തിരുന്ന താൽക്കാലിക അടുക്കളയിലെ അടുപ്പിൽ നിന്നുമാണ് തീ പടർന്ന് വീടുമുഴുവൻ വ്യാപിച്ചത്.
പുഷ്പരാജിന്റെ സഹോദരി പരമേശ്വരി, അമ്മ സൗഭാഗ്യ, അമ്മായിയമ്മ മാല, അമ്മായി ചന്ദ്ര, സഹോദരൻ ശരവണ, അമ്മായിയപ്പൻ പരമശിവം, ബന്ധു ഭുവനേശ്വരി എന്നിങ്ങനെ ഏഴു പേർക്ക് പൊള്ളലേറ്റിരുന്നു. ഫയർഫോഴ്സാണ് സംഭവസ്ഥലത്തെത്തി തീയണച്ചത്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകുകയും പൊള്ളലേറ്റ വാർഡുള്ള സർക്കാർ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ വൈകുന്നേരം 6.50 ഓടെ അവരെ അവിടെ എത്തിച്ചപ്പോഴേക്കും പരമേശ്വരി മരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബാക്കിയുള്ളവർ ഇപ്പോഴും തുടർ ചികിത്സയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.