ജെ ഡിഎസിനു തിരിച്ചടി നൽകി ഹുബ്ബള്ളി–ധാർവാഡ് വെസ്റ്റ് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥി അൽതാഫ് കിട്ടൂർ പത്രിക പിൻവലിച്ചു;കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടത്തിനു വഴിയൊരുങ്ങി.

ബെംഗളൂരു : ജെഡിഎസിനു തിരിച്ചടി നൽകി ഹുബ്ബള്ളി–ധാർവാഡ് വെസ്റ്റ് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥി അൽതാഫ് കിട്ടൂർ പത്രിക പിൻവലിച്ചു. പാർട്ടി നേതൃത്വത്തോടുള്ള വിയോജിപ്പിനെ തുടർന്നാണ് അവസാന ദിവസമായ 27നു പത്രിക പിൻവലിച്ചത്. മുനിസിപ്പൽ കൗൺസിലർ കൂടിയായ കിട്ടൂർ, താൻ പാർട്ടിയിൽനിന്നു രാജിവയ്ക്കുകയാണെന്നും അറിയിച്ചു. ഇതോടെ ഇവിടെ കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടത്തിനു വഴിയൊരുങ്ങി. മണ്ഡലത്തിൽ മൽസരിക്കാൻ ജെഡിഎസ് രണ്ടു സ്ഥാനാർഥികളെ നിശ്ചയിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പാർട്ടി ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയിൽ നിന്നു ബി–ഫോം ലഭിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഗുരുരാജ് ഹുനസിമരദും ഇവിടെ പത്രിക സമർപ്പിച്ചിരുന്നു.

എന്നാൽ ജെഡിഎസിൽ നിന്നു ബി–ഫോം ലഭിച്ച കിട്ടൂർ, ഹുനസിമരദിനു മുൻപെ ഇവിടെ പത്രിക സമർപ്പിച്ചിരുന്നു. തുടർന്നു സൂക്ഷ്മപരിശോധന പൂർത്തിയാക്കിയ റിട്ടേണിങ് ഓഫിസർ ഗുരുരാജിന്റെ പത്രിക തള്ളി. നിരാശനായ ഗുരുരാജ്, തന്റെ പത്രിക തള്ളപ്പെടാൻ കാരണം ജെഡിഎസ് ജില്ലാ പ്രസിഡന്റ് മുജാഹിദ് കോൺട്രാക്ടർ ആണെന്നാരോപിച്ചു. എങ്കിലും പാർട്ടി സ്ഥാനാർഥിയായി കിട്ടൂരിനെ അംഗീകരിക്കുകയും ചെയ്തു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവസാന നിമിഷം കിട്ടൂർ പത്രിക പിൻവലിച്ചു. ഇതിനു പിന്നാലെ തന്റെ പത്രിക അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഗുരുരാജ് റിട്ടേണിങ് ഓഫിസറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ബിജെപി പ്രവർത്തകർ ഗുരുരാജിനെ തടഞ്ഞതു സംഘർഷത്തിനിടയാക്കി.

പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സിറ്റിങ് എംഎൽഎ അരവിന്ദ് ബെല്ലാഡ് ആണ് ഇവിടെ ബിജെപി സ്ഥാനാർഥി. കഴിഞ്ഞ തവണ 42,003 വോട്ടാണ് ബെല്ലാഡിനു ലഭിച്ചത്. കോൺഗ്രസിനു 30,821 വോട്ടും ജെഡിഎസിനു 30,312 വോട്ടും ലഭിച്ചു. ഇത്തവണ ജെഡിഎസ് ഒഴിവായതോടെ ഈ വോട്ടുകൾ എവിടേക്കു തിരിയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കാരണം കഴിഞ്ഞ രണ്ടുതവണയും ജെഡിഎസ് ടിക്കറ്റിൽ മൽസരിച്ചു പരാജയപ്പെട്ട മുഹമ്മദ് ഇസ്മയിൽ തമത്ഗർ ആണ് ഇത്തവണ ഇവിടത്തെ കോൺഗ്രസ് സ്ഥാനാർഥി. പ്രാദേശിക നേതാക്കളുമായുള്ള ഭിന്നതയെ തുടർന്നാണ് തമത്ഗറും ജെഡിഎസ് വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us