തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷന് 85 ശതമാനവും കുട്ടികളുടെ വാക്സിനേഷന് 72 ശതമാനവും പൂര്‍ത്തീകരിച്ചു.
അവലോകനയോഗത്തിലെ മറ്റു തീരുമാനങ്ങൾ –
- നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി.
- രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ.
- അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്.ടി.പി.സി.ആര്. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.
- എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല.
- പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
- എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും.
- നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 ഞായറാഴ്ചയിലും ഇത് ബാധകമാണ്.
- ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും.
- ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം.