ബെംഗളൂരു: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണ നയം 2021- 2030 പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ചൂവടുപിടിച്ച് സമാനമായ നയ രൂപീകരണത്തിന് കർണാടക സർക്കാർ ആലോചിക്കുന്നതായ സൂചനകൾ പുറത്തുവന്നു.
ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, യുപിയിൽ സ്വീകരിച്ച നയം വിശദമായി പഠിക്കും എന്നും സുദീർഘവും കാര്യക്ഷമവുമായ ചർച്ചകൾക്കുശേഷം ഇതേ തരത്തിലുള്ള നയ രൂപീകരണത്തിന് സംസ്ഥാനവും ശ്രമിക്കുമെന്നും സംസ്ഥാന നിയമ കാര്യവകുപ്പ് മന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.
യുപിയിൽ രൂപംകൊടുത്ത ജനസംഖ്യ നയം, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലികൾക്കായി അപേക്ഷിക്കുന്നതിൽ നിന്നും, തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്നും, സംസ്ഥാന സർക്കാരിന്റെ മറ്റ് നിരവധിയായ ആനുകൂല്യങ്ങളിൽ കൈപ്പറ്റുന്നതിൽ നിന്നും ഒഴിവാക്കി നിർത്തുന്ന തരത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.
രണ്ടോ അതിൽ കുറവോ കുട്ടികളുള്ളവർക്ക് നിരവധിയായ വാഗ്ദാനങ്ങളും നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളിലെ മരണനിരക്ക് കുറയ്ക്കുന്നതിനും കുട്ടികൾക്ക് നല്ല നിലയിൽ വിദ്യാഭ്യാസം നൽകുന്നതിനും കൂടുതൽ ശ്രദ്ധ നൽകിയുള്ള ആരോഗ്യപരിപാലനത്തിനും നയപരിധിയിൽ വരുന്ന ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിനും പുതിയ നയം കൂടുതൽ ഫലപ്രദമായിരിക്കും എന്നും പ്രതിപാദിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.