ലോക്ഡൗൺ വീണ്ടും നീട്ടുമോ? സർക്കാരിന്റെ പരിഗണനയിലുള്ള കാര്യങ്ങൾ

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ വീണ്ടും നീട്ടാൻ സാധ്യത ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ലോക്ഡൗൺ ഇളവുകൾ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന കാര്യം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. കോവിഡ് കേസുകൾ കുറയുകയാണെങ്കിൽ ജൂൺ 7ന് ശേഷം ഇളവുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ പ്രഖ്യാപനമുണ്ടാവും.

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടതൽ രോഗമുക്തരാണ്. ഇതിൽ ആശ്വാസം കൊള്ളുമ്പോഴും മരണസംഖ്യ കുറയാതെ നിൽക്കുന്നത് ആശങ്കയുയർത്തുന്നു. സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് മരണം കാൽ ലക്ഷത്തിലാണ് എത്തി നിൽക്കുന്നത്.

രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ ലോക്ഡൗൺ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. എന്നാൽ ലോക്ഡൗൺ ഇളവുകൾ ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി കോവിഡ് വിദഗ്ദ്ധ സമിതിയോട് ആവശ്യപ്പെട്ടു എന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക്ഡൗൺ ഇളവുകൾ 3-4 ഘട്ടങ്ങളായിട്ടായിരിക്കും പ്രാബല്യത്തിൽ വരുന്നത് എന്ന് വിദഗ്ധ സമിതി വെളിപ്പെടുത്തി.

കോവിഡ് രണ്ടാം തരംഗം ജൂൺ അവസാനത്തോടെ കെട്ടടങ്ങുമെന്നും ഇപ്പോൾ കാണപ്പെടുന്ന നിരക്കിൽ തുടർച്ചയായി വ്യാപനം കുറയുകയാണെങ്കിൽ നമ്മൾ പ്രതീക്ഷിക്കുന്നതിന് വളരെ മുൻപ്‌ തന്നെ ഈ തരംഗം ഇല്ലാതാകും എന്നും കോവിഡ്-19 ക്ലിനിക്കൽ വിദഗ്ധ സമിതി ചെയർമാൻ ഡോക്ടർ എസ്. സച്ചിദാനന്ദ പറഞ്ഞു.

ജൂൺ 7ന് ശേഷം ലോക്ഡൗൺ വീണ്ടും നീട്ടേണ്ട ആവശ്യകത ഉണ്ടാവില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

പൊതുജനങ്ങൾ ലോക്ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കുകയാണെങ്കിൽ രോഗ വ്യാപനം ഇല്ലാതാക്കാൻ കഴിയുമെന്ന് കോവിഡ്-19 സാങ്കേതിക ഉപദേശക കമ്മിറ്റി ചെയർമാൻ ഡോക്ടർ എം.കെ. സുദർശൻ പറഞ്ഞു.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗ മുക്തരുടെയും ഡിസ്ചാർജ് ആകുന്നവരുടെയും എണ്ണത്തിൽ വലിയ വർദ്ധനവാണ് കാണുന്നത്‌. കൂടാതെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കുറഞ്ഞിട്ടുണ്ട്. ജനങ്ങൾ ബി.ബി.എം.പി.യുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുകയാണെങ്കിൽ രോഗ വ്യാപനം കുറയ്ക്കാൻ സാധിക്കും. അങ്ങനെവന്നാൽ നഗരത്തിൽ വാണിജ്യമേഖല പൂർവാധികം സജീവമാകും” എന്ന് ബി.ബി.എം.പി. ചീഫ് കമ്മീഷ്ണർ ഗൗരവ് ഗുപ്ത പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കാൻ ഗ്രാമങ്ങളിൽ വീടുകൾ കയറിയിറങ്ങി കോവിഡ് പരിശോധന നടത്തുമെന്ന് റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു. രണ്ടാംഘട്ടത്തിൽ ഗ്രാമങ്ങളിൽ കൂടുതലായി കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ഗ്രാമങ്ങളിലെ പരിശോധനയ്ക്കായി റവന്യൂ സെക്രട്ടറി മഞ്ജുനാഥ് പ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയർമാൻ കൂടിയായ മന്ത്രി അശോക പറഞ്ഞു.

ഗ്രാമങ്ങളിൽ പരിശോധനാ കേന്ദ്രങ്ങൾ കുറവായതിനാൽ ഡോക്ടർമാർ, നഴ്‌സുമാർ, ആശാജീവനക്കാർ എന്നിവരുൾപ്പെടുന്ന സംഘം വീടുകൾ കയറി പരിശോധന നടത്തും. പരിശോധനയിൽ പോസിറ്റീവാകുന്നവരെ ഹോം ഐസൊലേഷൻ വേണോ ആശുപത്രിയിൽ പ്രവേശിപ്പിക്കണമോ എന്ന് ഡോക്ടർമാർ തീരുമാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us