ബെംഗളൂരു: നഗരത്തിലെ ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായ അസം സ്വദേശിയും വിൽസൻ ഗാർഡനിൽ താമസക്കാരനുമായിരുന്ന അബ്ദുൾ സാഹിദ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ യുവാക്കളെ രണ്ടര വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു.
കെ.ആർ. നഗർ സ്വദേശി എം.ബി. പ്രസന്ന (31), മാണ്ഡ്യ സ്വദേശികളായ കുമാർ (23), കെ. മധുസൂദനൻ, ആന്ധ്രപ്രദേശ് സ്വദേശി യു. മഹേഷ് (23) എന്നിവരെയാണ് ഗോവിന്ദപുര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് മൂന്നര ലക്ഷം രൂപയും രണ്ട് എസ്.യു.വി. കളും 120 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
2018 നവംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. എ.ടി.എമ്മിൽ നിക്ഷേപിക്കാനുള്ള 75 ലക്ഷം രൂപയുമായി അബ്ദുൾ സാഹിദ് മുങ്ങിയതാണെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും ഇയാൾ കൊല്ലപ്പെട്ടതാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ബെംഗളൂരു- മംഗളൂരു പാതയിൽ സക്ലേശ്പുർ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സാഹിദിന്റെ പരിചയക്കാരായ രണ്ടുപേരും മറ്റു രണ്ടു പേരും ചേർന്നാണ് കൃത്യം നടത്തിയത്. കൊള്ളയ്ക്ക് കൂട്ടുനിൽക്കാൻ അബ്ദുൾ സാഹിദിന് പ്രതികൾ നല്ലൊരുതുക വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രസന്നയെക്കുറിച്ചും ഇതേ കമ്പനിയിൽ ഡ്രൈവറായിരുന്ന കുമാറിനെക്കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിച്ചു.
പിന്നീട് ഇരുവരെയും ചോദ്യം ചെയ്തപ്പോൾ സാഹിദിനെ തട്ടിക്കൊണ്ടുപോയി അന്നുതന്നെ കൊലപ്പെടുത്തി സക്ലേശ്പുർ വനമേഖലയിൽ മൃതദേഹം ഉപേക്ഷിച്ചതായി കുറ്റസമ്മതം നടത്തുകയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.