ബെംഗളൂരു: ഈ വാർത്തയുടെ ശീർഷകം കണ്ട് തെറ്റിദ്ധരിക്കേണ്ട, ഇത് തങ്ങളുടെ മലയാളി സുഹൃത്തുക്കൾക്ക് തന്നെ മുഴുത്ത കൗണ്ടർ പാര പണിയുന്ന മലയാളികളെ കുറിച്ചല്ല. മറിച്ച് കോവിഡ് വ്യാപനത്തിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ നഗരത്തിലെ സഹായമനസ്കതയുള്ള ആളുകൾ പറ്റിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ചാണ്.
സമൂഹ മധ്യമങ്ങളിലൂടെയുള്ള തട്ടിപ്പാണ് ഇപ്പോൾ കൂടുതലും നടക്കുന്നത്. അതിനാൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോൾ ജാഗ്രത പാലിക്കുക. നമ്മളുടെ സുഹൃത്തുക്കളുടെ തന്നെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം അവരുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരുടെയെങ്കിലും പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി സുഹൃത്തുക്കൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചശേഷം പണമാവശ്യപ്പെട്ട് മെസഞ്ചറിലൂടെ സന്ദേശമയക്കുന്ന തട്ടിപ്പ് രീതിയെ കുറിച്ചാണ് ഇപ്പോൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നത്.
ഒറിജിനൽ അക്കൗണ്ടിലേതു പോലെത്തന്നെ ആയിരിക്കും വ്യാജ അക്കൗണ്ടിലെ ഫോട്ടോയും മറ്റ് വിവരങ്ങളും. അതുകൊണ്ടുതന്നെ വ്യാജനെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. ഇതുപോലെ വ്യാജ അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ട് വന്നയാളെ സഹായിച്ചതിലൂടെ നഗരത്തിലെ ചില മലയാളികൾക്ക് പതിനായിരങ്ങൾ നഷ്ടപ്പെട്ട സംഭവമാണ് അവസാനമായി പുറത്ത് വന്നത്.
നഗരത്തിലെ മലയാളിയായ ഒരു സ്വകാര്യ കമ്പനി ഡയറക്ടറുടെ പേരിലാണ് തട്ടിപ്പുകാർ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയത്. നഗരത്തിലെ സാമൂഹിക പ്രവർത്തകൻ കൂടിയായ ഇദ്ദേഹവുമായുള്ള അടുപ്പംകാരണം പലരും വിളിച്ചുചോദിക്കാതെ തന്നെ ആവശ്യപ്പെട്ട നമ്പറിലേക്ക് പണം ഗൂഗിൾപെവഴി അയച്ചുകൊടുക്കുകയായിരുന്നു.
ചിലർ സന്ദേശം കിട്ടിയപ്പോൾത്തന്നെ ഇദ്ദേഹത്തെ വിളിച്ച് സംഭവം ശരിയാണോ എന്നന്വേഷിച്ചു. അപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ആണെന്ന് സ്ഥിരീകരിക്കാനായത്. ഫെയ്‌സ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ ഉള്ളയാൾ വീണ്ടും റിക്വസ്റ്റ് അയക്കുന്നത് കണ്ടപ്പോഴാണ് മറ്റ് ചലർക്ക് സംശയം തോന്നിയത്.
തട്ടിപ്പുകാരെ പിടികൂടാനാകാത്തതിനാലാണ് ഇത്തരം പ്രവണതകൾ കൂടിവരുന്നത്. പോലീസിൽ പരാതിനൽകിയാലും പ്രയോജനമില്ല. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പോലീസ് കേസും തുടർ നടപടികളുമായി മുന്നോട്ടുപോകാൻ ആരും തയ്യാറാകുന്നുമില്ല.
ആർക്കും കയറി മേയാവുന്ന സോഷ്യൽമീഡിയ ആണ് ആധുനിക തട്ടിപ്പുവീരൻമ്മാരുടെയും വീരമതികളുടെയും ഇപ്പോഴത്തെ തട്ടകം. ചിലത് വെറും തമാശക്ക് വേണ്ടി ചെയ്യുമ്പോൾ മറ്റു ചിലത് കാശും മാനവും പോകുന്ന വിധത്തിലുള്ളതായിരിക്കും.
ആരെക്കൊന്നാലും വേണ്ടില്ല എന്റെകാര്യം നടക്കണമെന്നും, എനിക്ക് പരമാവധി ലാഭം കിട്ടണമെന്നുംവെച്ച് സാമദ്രോഹികൾ പാഞ്ഞുനടക്കുമ്പോൾ സ്വന്തം ബുദ്ധിയും യുക്തിയും അടിയറവു വെക്കാതിരിക്കാൻ ശ്രമിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.