സുഗതകുമാരി ആത്മാലാപങ്ങളുടെ കവയിത്രി:പുകസ ബെംഗളൂരു

വാക്കിന്റെ തീവ്രതയിൽ സ്വന്തം സാംസ്കാരിക സ്വത്വമെഴുതുന്ന കാവ്യവഴിയായിരുന്നു സുഗതകുമാരിയുടേതെന്നും ആത്മഭാവത്തിന്റെ ലാവണ്യം അവയിലെ ഓർമയുടെ മണ്ഡലത്തെ ജീവനുള്ള ലോകപാഠമായി നിലനിർത്തുകയായിരുന്നുവെന്നും ബെംഗളൂരു പുരോഗമന കലാസാഹിത്യസംഘം വെബിനാർ അഭിപ്രായപ്പെട്ടു.

‘കവിതയുടെ കാവൽ’ എന്ന ശീർഷകത്തിൽ പുകസ ബെംഗളൂരു മേഖലാ ഘടകത്തിന്റെ
ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ അനുസ്മരണം
സുഗതകുമാരിയുടെ കവിതകളെയും സാമൂഹ്യ ഇടപെടലുകളെയും ആഴത്തിൽ വിലയിരുത്തിയ നിരീക്ഷണങ്ങൾ കൊണ്ടും കവിതകളുടെ ആർദ്രമായ ഈണപ്പകർച്ചകൾ കൊണ്ടും അനന്യമായ സാംസ്കാരികാനുഭവമായി.

പ്രകൃതിമാനവികതയുടെ ജാഗ്രതയെ കവിതയിലും സാമൂഹ്യബോധത്തിലും ഉൾക്കൊണ്ട ഒറ്റയാൾ പ്രസ്ഥാനമായിരുന്നു സുഗതകുമാരിയെന്ന് സിപിഐഎം പിബി അംഗവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ എം എ ബേബി വെബിനാറിൽ അനുസ്മരിച്ചു.

എഴുത്തിന്റെ സ്വാഭാവിക തുടർച്ചയായിരുന്നു
സുഗതകുമാരിക്ക് പരിസ്ഥിതിസ്നേഹവും സാമൂഹ്യ പ്രവർത്തനങ്ങളു മെന്ന് പുകസയുടെ ബാംഗ്ലൂരിലെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചുകൊണ്ട് ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു.

മണ്ണിനും മരങ്ങൾക്കും നീരുറവകൾക്കുപോലും മറക്കാനാവാത്ത പാരിസ്ഥിതിക ഇടപെടലിന്റെ ജൈവ
സാന്നിധ്യമായിരുന്നു സുഗതകുമാരിയെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ അനുസ്മരിച്ചു.
അന്തരിച്ച യു എ ഖാദർ, നീലമ്പേരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ എന്നിവരുടെ
സർഗ്ഗസംഭാവനകളും കവി കുരീപ്പുഴ സ്മൃതിപഥത്തിൽ
വരച്ചുകാട്ടി.

സുഗതകുമാരിയിലെ കൃഷ്ണസങ്കല്പം
പതിതമായ കേവല
ഭക്തിക്കതീതമായി സ്ത്രീമനസ്സിൽ നിലീനമായി ആത്മഭാവം കൊള്ളുന്ന തീക്ഷ്ണാനുരാഗമാണ് കവിതകളിൽ ആവിഷ്കരിച്ചതെന്ന് എഴുത്തുകാരിയും
ആലുവ യു സി കോളേജ് അധ്യാപികയുമായ
ഡോ. മ്യൂസ് മേരി
വെബിനാറിൽ
അഭിപ്രായപ്പെട്ടു.

നിരാർദ്രമാകുന്ന ലോകത്തിന്റെ അമാനവികതക്കു പകരം സ്നേഹപ്രകൃതിയെ ഭാവനചെയ്യുന്ന ആത്മഭാഷണങ്ങളാണ് സുഗതകുമാരി കവിതകളെന്ന് പ്രമുഖ നിരൂപകൻ ഇ പി രാജഗോപാലൻ തന്റെ സ്മൃതിസന്ദേശത്തിൽ പറഞ്ഞു.

സാംസ്കാരിക സംവാദങ്ങളിൽ പരിസ്ഥിതിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിൽ സുഗതകുമാരിയുടെ കവിതകൾ പങ്കുവഹിച്ചുവെന്നും രാഷ്ട്രീയ നിലപാടുകളിൽ പതറിപ്പോയ സന്ദർഭങ്ങളിൽ കവിയെത്തന്നെ തിരുത്തുംവിധം
മാനവികതയെ മുറുകെപ്പിടിച്ച കവിതകളായിരുന്നു അവയെന്നും പുകസ ബാംഗ്ലൂർ അധ്യക്ഷനും എഴുത്തുകാരനുമായ സുരേഷ് കോടൂർ ആമുഖത്തിൽ അഭിപ്രായപ്പെട്ടു.

കല വിശേഷ്,
സുധ ജിതേന്ദ്രൻ,
ശ്വേത സുരേഷ്,
കീർത്തി പ്രഭാകരൻ,
പ്രതിഭ പ്രദീപ്‌, എന്നിവർ സുഗതകുമാരിയുടെ കവിതകൾ ആലപിച്ചു.

യു എ ഖാദർ, നീലമ്പേരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ എന്നിവരുടെ വിയോഗത്തിൽ
പുകസ ജോയിന്റ് സെക്രട്ടറിയും എഴുത്തുകാരനുമായ സതീഷ്‌ തോട്ടാശ്ശേരി അനുശോചനം രേഖപ്പെടുത്തി.
കർണ്ണാടകയിലെ പുരോഗമന സാഹിത്യ സംഘടനയായ
സമുദായയുടെ ഭാരവാഹിയും എഴുത്തുകാരനുമായ കെ അച്യുത പുകസ ബെംഗളുരുവിന്റെ
പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

ഗ്രന്ഥകാരനും മുതിർന്ന സംസ്കാരിക പ്രവർത്തകനുമായ
ആർ വി ആചാരി,
നോവലിസ്റ്റും വിവർത്തകനുമായ സുധാകരൻ രാമന്തളി,
എഴുത്തുകാരനും പ്രഭാഷകനുമായ കെ പി അജിത്കുമാർ,
നാടകകൃത്തും പ്രഭാഷകനുമായ
ഡെന്നിസ് പോൾ,
പുകസ വൈസ് പ്രസിഡണ്ടും എഴുത്തുകാരനുമായ കെ ആർ കിഷോർ, അധ്യാപിക ഗീത നാരായണൻ എന്നിവർ അനുബന്ധചർച്ചയിൽ സുഗതകുമാരിയുടെ സ്മരണകൾ പങ്കുവെച്ചു.
പുകസ സെക്രട്ടറി സുദേവൻ പുത്തൻചിറ നന്ദിപറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us