നരേന്ദ്ര മോദി തന്റെ തന്തയുടെ സ്വത്തല്ലെന്ന് കെ എസ് ഈശ്വരപ്പ

ബെംഗളൂരു: സിറ്റിംഗ് എം.പി.യും ശിവമോഗയില്‍ ബി.ജെ.പി സ്ഥാനാർഥിയുമായ ബി.വൈ.രാഘവേന്ദ്രയും മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയും തമ്മിലുള്ള വാക് പോരാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ഈശ്വരപ്പ തന്റെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കൂടി ഉള്‍പ്പെട്ട പോസ്റ്ററുകളും ബോർഡുകളുമാണ് ഉപയോഗിക്കുന്നത്.

ഇതിനെതിരെ പ്രതികരിച്ച ബി.വൈ.രാഘവേന്ദ്രക്ക് ഈശ്വരപ്പയുടെ മറുപടി ഇങ്ങിനെ: നരേന്ദ്ര മോദി തന്റെ തന്തയുടെ സ്വത്തല്ല ”

മുൻമുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യദ്യൂരപ്പയാണ് രാഘവേന്ദ്രയുടെ പിതാവ്.

ഹാവേരി മണ്ഡലത്തില്‍ തന്റെ മകൻ കെ.ഇ.കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പു നല്‍കിയ യെദ്യൂരപ്പ ചതിച്ചുവെന്ന് ആരോപിച്ചാണ് ഈശ്വരപ്പ റിബല്‍ സ്ഥാനാർഥിയായി രംഗത്ത് വന്നത്.

ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ നടത്തിയ ശ്രമങ്ങള്‍ പരായപ്പെട്ട് തിരിച്ചെത്തിയ ശേഷമാണ് ഈശ്വരപ്പ മത്സര രംഗത്ത് ഉറച്ചു നില്‍ക്കുന്നത്.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭഗവാൻ രാമനും എന്റെ ഹൃദയത്തിലുണ്ട്.

അമിത്ഷാ നിർദേശിച്ച പ്രകാരമാണ് താൻ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാൻ പോയത്.

കാണാൻ സൗകര്യം ഇല്ലെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അത് തനിക്ക് സ്വതന്ത്രനായി മത്സരിക്കാനുള്ള അവസരമായി കാണുന്നു.

പാർട്ടിയുടെ മുതിർന്ന നേതാവ് ആവശ്യപ്പെട്ടാല്‍ ചെന്നു കാണാതിരിക്കുന്നതെങ്ങിനെ? അതാണ് പോയത്.

സംസ്ഥാനത്ത് 28 ലോക്സഭ സീറ്റുകളില്‍ ശിവമോഗ ഒഴികെ എല്ലായിടത്തും ബിജെപി സ്ഥാനാർഥികള്‍ ജയിക്കും.

ശിവമോഗയില്‍ താനാണ് ജയിക്കുക”-ഈശ്വരപ്പ അവകാശപ്പെടുന്നു.

മോദി പടം ഉപയോഗം വാക്പോരില്‍ ഒതുക്കാതെ ഈശ്വരപ്പ കോടതിയേയും സമീപിച്ചു.

നരേന്ദ്ര മോദിയുടെ പടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് ബിജെപി നേതാക്കളെ വിലക്കണം എന്നാണ് ശിവമോഗ ജില്ല കോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയിലെ ആവശ്യം.

Related posts