നാടിന്റെ സുഖവും സുരക്ഷിതത്വവുമുപേക്ഷിച്ചു ജീവിതം പച്ചപിടിപ്പിക്കാനായി ഖത്തറിലെ ഒരു കമ്പനിയിലേക്ക് പറിച്ചു നടപെടേണ്ടി വന്ന യുവാവാനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ നൂതനാവിഷ്കാരമാണ് സീ ലാ വി എന്ന ഹ്രസ്വ ചിത്രം. വർഷങ്ങളോളം ബെംഗളൂരുവില് ഒരുമിച്ച് പഠിച്ച സുഹൃത്തുക്കൾ, ഇന്ന് ഖത്തറിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ഒരു കൂട്ടം മലയാളീ യുവാക്കളുടെ കൂട്ടായ്മയിൽ പിറന്ന ചിത്രമാണിത് .
ആദ്യമായി നിർമിക്കുന്ന ചിത്രം എന്നതിലെ അപാകതകളോ പിഴവുകളോ ഒന്നും തന്നെ നമുക്കിവിടെ കാണാൻ കഴിയില്ല .ക്യാമറകണ്ണുകളുടെ മിഴിവും വർണ്ണവിസ്മയങ്ങളും സിനിമയെ കൂടുതൽ അഴകുറ്റതാക്കുന്നു.
PETRA ഗ്രൂപ്പിന്റെ ബാനറിൽ ഷാഫി പെട്രയും അനസ് മുണ്ടോയും ചേർന്നു നിർമിച്ചു നവാഗതനായ സബീഹ് അബ്ദുൽ കരീം സംവിധാനം ചെയ്ത സീലാവി എന്ന ചിത്രം മനോരമ മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഡൽ രംഗത്തും ടിക് ടോകിലും നാടക രംഗത്തുമൊക്കെയുള്ള നടന്മാരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഷിയാസ് അലിയുടേതാണ് സ്ക്രിപ്റ്റ്.
ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിർവഹിച്ചു പാടിയ റാപ് സോങ് ആണ് സിനിമയുടെ മറ്റൊരു ആകർഷണീയത. ഫോർ ദി പീപ്പിൾ ലെ ലജ്ജാവതിക്ക് ശേഷം അദ്ദേഹത്തിന്റെ ശബ്ദ മാന്ത്രികത ഒരു മുഴുനീള റാപ് സോങ്ങിലൂടെ നാം കേട്ടനുഭവിക്കുന്നത് സീ ലാ വി യിലെ പാട്ടിലൂടെയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ തരംഗമായി കൊണ്ടിരിക്കുന്ന ഈ ഗാനവും സിനിമയും മറ്റു ഭാഷകളിലേക്കും കൂടെ ഇറക്കാൻ തയ്യാറെടുക്കുകയാണ് ടീം – സീലാവി.
കർമ്മ ധർമ്മങ്ങളും മാനസിക സമ്മർദ്ദങ്ങളും പോയ് മുഖങ്ങളുമെല്ലാം തുറന്നു കാട്ടുന്ന ഈ സിനിമയും ആധുനിക മനുഷ്യർക്കു ചിന്തിക്കാൻ ഒരു പാട് ചോദ്യങ്ങൾ നൽകുന്നു. അദ്ധ്വാനിക്കുന്നവൻറെ നെറ്റിയിലെ വിയർപ്പു തുള്ളിയായി ദൈവം പ്രെത്യക്ഷപ്പെടുമെന്ന പോലെ സിനിമയുടെ അവസാന ഭാഗത്തു നായകന്റെ നിരപരാധിത്വത്തിനു മുന്നിൽ ദൈവം കയ്യൊപ്പു ചാർത്തുന്നു.
സസ്പെൻസും ത്രില്ലറുമെല്ലാം സിനിമയിലുടനീളം നമുക്ക് കാണാൻ കഴിയും. കഥ അവസാനിക്കുവോളം നായകനോടൊപ്പം സംഘർഷഭരിതമായ മനസ്സും പേറി നമ്മളും യാത്ര തുടരുന്നു .നിലവിലെ ജീവിത സാഹചര്യങ്ങളെ വ്യക്തമായി ആവിഷ്കരിക്കാൻ സീ ലാ വി ക്കു കഴിഞ്ഞിട്ടുണ്ട്. ഏതു പ്രതിസന്ധി ഘട്ടത്തിലും തളരാതെ നന്മയുടെയും ശരിയുടെയും കൂടെ നിലകൊള്ളണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രം.