ബെംഗളൂരു : 2010 ല്‍ യെദിയൂരപ്പ സര്‍ക്കാര്‍ കൊണ്ടുവരികയും പിന്നീട് വന്ന സിദ്ധാരമയ്യ സര്‍ക്കാര്‍ എടുത്ത് കളയുകയും ചെയ്ത ഗോവധ നിരോധന നിയമം ശബ്ദവോട്ടോടെ പാസാക്കി കര്‍ണാടക നിയമസഭ.
പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും ബില്ലിനെ എതിര്‍ത്തു.
ഗോക്കള്‍ നമ്മുടെ മാതാവ് ആണ് അവയെ കൊല്ലാന്‍ അനുവദിക്കില്ല എന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൌഹാന്‍ അറിയിച്ചു.
ഈ ബില്‍ പ്രകാരം സംസ്ഥാനത്ത് ലൈസെന്‍സ് ഇല്ലാതെ കന്നുകാലികളെ സംസ്ഥാനത്തിന് അകത്തോ പുറത്തേക്കോ കൊണ്ട് പോകുന്നതും ഇറച്ചിക്ക് വേണ്ടി വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു.
2010 ലെ നിയമ പ്രകാരം 25 ആയിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണ് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ എങ്കില്‍ അത് 50000 മുതല്‍ 5 ലക്ഷം ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
പഴയ നിയമത്തില്‍ ഒരു വര്‍ഷം മുതല്‍ 7 വര്‍ഷം വരെയാണ് തടവ് ഉണ്ടായിരുന്നത് എങ്കില്‍ കുറ്റത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കും.രണ്ടാം പ്രാവശ്യം നിയമം ലംഘിക്കുന്നവര്‍ക്കാണ് ഇത് ബാധകം.
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കന്നുകാലികളെ സംസ്ഥാനത്തിന് ഉള്ളില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല.
13 വയസ്സിനു മുകളില്‍ ഉള്ള എരുമയെ ഇറച്ചി ആവശ്യത്തിന് കൊല്ലുന്നത് അനുവദനീയമാണ്.
പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടുവെങ്കിലും ഭരണ പക്ഷം അതിനു തയ്യാറായില്ല,ഈ ബില്‍ ഇന്ന് നിയമസഭയില്‍ പാസായാല്‍ നാളെ നിയമ നിര്‍മാണ കൌണ്‍സിലില്‍ പോകുകയും പിന്നീട് ഗവര്‍ണറുടെ അനുമതി ലഭിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് ഭരണ പക്ഷം അറിയിച്ചത്.
കോണ്‍ഗ്രസ്,ജെ.ഡി.എസ് അംഗങ്ങള്‍ സഭ വിട്ടത്തോടെ ശബ്ദവോട്ടോടെ ബില്‍ പാസാക്കി.