നഗരത്തിലെ റോഡുകളിലെ കുഴികൾ അടയ്ക്കാനുള്ള സമയപരിധി: അന്ത്യശാസനലംഘനം ഒരു തുടർക്കഥയാകുന്നു.

ബെംഗളൂരു: നവംബർ ഒന്നിന് ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് ഉദ്യോഗസ്ഥർക്ക് നൽകിയ 30 ദിവസത്തെ സമയപരിധി അനുസരിച്ച് നവംബർ 30ന് കാലാവധി അവസാനിച്ചപ്പോഴും നഗരത്തിലെ റോഡുകളിലെ കുഴികൾ അതേപടി തുടരുകയാണ്.

നഗരത്തിലെ പലയിടങ്ങളിലും നാമമാത്രമായ കുഴിയടയ്ക്കൽ നടത്തിയെങ്കിലും ഭൂരിഭാഗം റോഡുകളിലും ഇപ്പോഴും കുഴികൾ അവശേഷിക്കുകയാണ്.

പലയിടങ്ങളിലും കുഴികൾ അടയ്ക്കാനുള്ള ശ്രമത്തിനിടെ കുന്നുകൂടിയ ടാറിന്റെ അവശിഷ്ടങ്ങൾ ഇരുചക്ര വാഹന യാത്രക്കാർക്ക് കൂടുതൽ ദുരിതം നൽകുകയാണ് ചെയ്തിരിക്കുന്നത്.
ബിബിഎംപി കമ്മീഷണറുടെ ഒക്ടോബറിൽ പുറത്തുവന്ന ആദ്യ പ്രസ്താവന പ്രകാരം നവംബർ 15 നുള്ളിൽ നഗരത്തിലെ എല്ലാ റോഡുകളും കുഴി വിമുക്തം ആകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇത് നടപ്പിലാക്കുന്നതിനുവേണ്ടി മുപ്പതോളം സംഘങ്ങളെ ജോലി ഏൽപ്പിക്കുകയും ചെയ്തിരുന്നു.

നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ഒരു സംഘത്തിന് പത്തു മണിക്കൂറിനുള്ളിൽ 50 മുതൽ 60 വരെ ട്രക്ക് ലോഡ് ടാർ മിക്സ് ഉൽപാദിപ്പിക്കാനുള്ള ശേഷി ഉണ്ടെന്നിരിക്കെ ഇനിയും പണി പൂർത്തീകരിക്കാത്തത് അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

അതേസമയം നഗരത്തിന്റെ കാലാവസ്ഥ വ്യതിയാനം ഒരു പരിധിവരെ ആസൂത്രണം ചെയ്തിരുന്ന പ്രവർത്തനങ്ങൾക്ക് തടസ്സം ആയിരുന്നു എന്നും എത്രയും പെട്ടെന്ന് നഗരത്തിലെ എല്ലാ റോഡുകളിലും കുഴികൾ അടയ്ക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബിബിഎംപി കമ്മീഷണർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us