കേരളത്തിലേത് പോലെ മൈസൂരുവിലും കോവിഡ് വ്യാപനം കൂടുമെന്ന് കരുതിയവർക്ക് തെറ്റി!

മൈസൂരു: കേരളത്തിലേത് പോലെ മൈസൂരുവിലും കോവിഡ് വ്യാപനം കൂടുമെന്ന് കരുതിയവർക്ക് തെറ്റി. കേരളത്തിൽ ഓണാഘോഷത്തിനുശേഷം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നത് ചൂണ്ടിക്കാട്ടി മൈസൂരുവിൽ ദസറയ്ക്കുശേഷം രോഗവ്യാപനം കൂടിയേക്കുമെന്ന വിലയിരുത്തലാണ് തെറ്റിയത്.

ദസറ ആഘോഷം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ ആഘോഷനാളുകൾക്ക് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ രോഗവ്യാപനം ഗണ്യമായി കുറഞ്ഞു നിൽക്കുന്നത് ചരിത്രനഗരത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. നേരത്തെ ദിവസവും ആയിരംപേർക്കുവരെ രോഗം സ്ഥിരീകരിച്ച ജില്ലയിൽ ഇപ്പോൾ ഇത് 200-ൽ താഴെയായിമാറി.

ഞായറാഴ്ച 147 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 197 പേർ രോഗമുക്തരാകുകയും ചെയ്തു. മരണനിരക്കും കുറഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവുവന്നു. ഞായറാഴ്ചവരെയുള്ള കണക്കുപ്രകാരം 1,582 പേരാണ് ചികിത്സയിലുള്ളത്.

ദസറ തുടങ്ങിയദിവസം ജില്ലയിൽ ചികിത്സയിലുള്ള രോഗികൾ 7,246 ആയിരുന്നു. 45,290 പേർ ഞായറാഴ്ച വരെ രോഗംഭേദമായി മടങ്ങി. മൊത്തം 47,831 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗംബാധിച്ചവരിൽ 94 ശതമാനം പേർ രോഗമുക്തിനേടിക്കഴിഞ്ഞു.

ദസറ ആഘോഷത്തിൽ ആളുകൾ കൂട്ടംകൂടി രോഗവ്യാപനമുണ്ടാകുന്നത് തടയാൻ കർശനനടപടി സ്വീകരിച്ചിരുന്നു. പൊതുജനങ്ങളെ ഒഴിവാക്കിയാണ് ദസറയുടെ ചടങ്ങുകളെല്ലാം നടത്തിയത്. ജെംബോ സവാരിയുൾപ്പെടെ ആഘോഷപ്രിയർക്ക് നേരിട്ടുകാണാനായില്ല.

ചടങ്ങുകൾ ഓൺലൈൻ വഴിയാണ് ജനങ്ങളിലേക്കെത്തിച്ചത്. കർശനനിയന്ത്രണങ്ങൾ രോഗവ്യാപനത്തിന്റെ കാര്യത്തിൽ ജില്ലയ്ക്ക് രക്ഷയായെന്നാണ് സൂചന. രാത്രി സമയം നഗരത്തിലെ വൈദ്യുതാലങ്കാരങ്ങൾ കാണാനായി ആളുകൾ എത്തിയതുമാത്രമാണ് ഒഴിവാക്കാനാകാതിരുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us