ബെംഗളൂരു: 37 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് കേന്ദ്രാനുമതി. പദ്ധതിക്ക് 18,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 20 ശതമാനം തുക കേന്ദ്രവും 20 ശതമാനം തുക സംസ്ഥാനസർക്കാരും വഹിക്കും. ബാക്കിയുള്ള 60 ശതമാനം തുക പുറമേനിന്നുള്ള മറ്റു ഏജൻസികളിൽ നിന്ന് കണ്ടെത്തും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡിനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതിനാൽ പ്രാരംഭപ്രവൃത്തികൾക്കായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
148 കിലോമീറ്ററിലായുള്ള ബെംഗളൂരു സബർബൻ റെയിൽ രാജ്യത്തെ തന്നെ ആദ്യത്തെ ആധുനിക സബർബൻ റെയിൽവേ പദ്ധതിയായിരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സബർബൻ ട്രെയിനിൽ യാത്രചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 13 രൂപയായിരിക്കും. മൂന്നു കിലോമീറ്ററിന് താഴെയുള്ള യാത്രക്കായിരിക്കും 13 രൂപ. 15 കിലോമീറ്ററിലുള്ള യാത്രയ്ക്ക് 35 രൂപ ഈടാക്കും.
കഴിഞ്ഞ കുറേ വർഷങ്ങളായി റെയിൽവേ ബോർഡ് അനുമതി നൽകിയ പദ്ധതി അനക്കമില്ലാതെ കിടക്കുകയായിരുന്നു. 2018-19 കേന്ദ്ര ബജറ്റിൽ വീണ്ടും പദ്ധതി പ്രഖ്യാപിച്ച് ഒരുവർഷം കഴിഞ്ഞപ്പോഴാണ് അനുമതി ലഭിച്ചത്. കെ.എസ്.ആർ. ബെംഗളൂരു സിറ്റി- ദേവഹനഹള്ളി (വിമാനത്താവളം), ബൈയപ്പനഹള്ളി-യശ്വന്ത്പുര- ചിക്കബാനവാര, കെങ്കേരി- കന്റോൺമെന്റ് -വൈറ്റ്ഫീൽഡ്, ഹീലാലിഗെ -രാജനഗുണ്ടെ എന്നിങ്ങനെ നാലു റെയിൽവേ പാത ഇടനാഴികളാണ് സബർബൻ റെയിൽ പദ്ധതിയിലുണ്ടാകുക.
നഗരത്തിനുപുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന പദ്ധതി വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കും. നിലവിൽ നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ഇരട്ടിയാത്രക്കാരെ സബർബൻ ട്രെയിൻ യാത്രയ്ക്ക് ലഭിക്കുമെന്നാണ് റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക് സർവീസ് നടത്തിയ സാധ്യതാപഠനത്തിൽ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.