ബെംഗളൂരു: സംസ്‌ഥാന സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരേ ഇന്ന് വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്.
നഗരത്തിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ – ദളിത് സംഘടകളുടെ പിന്തുണയും സമരക്കാർക്കുണ്ട്. എന്നാൽ ബന്ദ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാർഷിക ബിൽ, ഭൂപരിഷ്കരണ നിയമഭേദഗതി എന്നിവയോടാണ് പ്രതിഷേധം. ‘റെയ്ത്ത, കാർമിക, ദളിത് ഐക്യ ഹൊരാട്ട’ ഫോറത്തിന്റെ നേതൃത്വത്തിലാണ് ബന്ദ് ആചരിക്കുന്നത്.
ഏകപക്ഷീയമായി ബില്ലുകൾ പാസാക്കി കർഷകരെ സർക്കാർ വഞ്ചിച്ചെന്നും ഇതിനെതിരേ സംസ്ഥാനം സ്തംഭിപ്പിച്ചുള്ള പ്രക്ഷോഭപരിപാടികളായിരിക്കും ഇന്ന് നടക്കുകയെന്നും ഐക്യ ഹൊരാട്ട നേതാക്കൾ പറഞ്ഞു.
കർണാടക ആർ.ടി.സി., ബി.എ.ടി.സി., നമ്മ മെട്രോ എന്നിവ സർവീസ് മുടക്കില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ സർവീസ് നിർത്താനാണ് തീരുമാനം.
സംസ്ഥാന, ദേശീയ പാതകൾ ഉപരോധിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഫാർമേഴ്‌സ് അസോസിയേഷൻ നേതാവ് കെ. ശാന്തകുമാർ പറഞ്ഞു. മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ റോഡ് ഉപരോധിക്കും.
വെള്ളിയാഴ്ച ദേശീയപാത ഉപരോധിച്ചുള്ള സമരത്തിൽനിന്ന് വിട്ടുനിന്ന കർഷകനേതാവ് കൊഡിഹള്ളി ചന്ദ്രശേഖർ ഇന്നത്തെ ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്.
വിവിധ തൊഴിലാളി യൂണിയനുകളും കർഷകർക്കു പിന്തുണയറിയിച്ച് രംഗത്തെത്തി. ടാക്സി, ഓട്ടോറിക്ഷാ ഡ്രൈവർമാരും പിന്തുണയറിയിച്ചിട്ടുണ്ട്.
അതേസമയം, സർക്കാർ ഓഫീസുകളും ആശുപത്രികളും സാധാരണപോലെ പ്രവർത്തിക്കുമെന്ന് റവന്യു മന്ത്രി ആർ. അശോക അറിയിച്ചു.
ബന്ദിനെ അനുകൂലിക്കാൻ പൊതുജനങ്ങളെ നിർബന്ധിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാൽ, മരുന്ന്, പെട്രോൾ, പച്ചക്കറിക്കടകൾ എന്നിവ തടസ്സപ്പെടില്ല. ബാങ്കുകൾ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സമരക്കാർ തടയാനുള്ള സാധ്യതയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.