ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ അവസാനവർഷ ബിരുദ പരീക്ഷയ്ക്ക് മുന്നോടിയായി ക്ലാസുകൾ തുടങ്ങിയെങ്കിലും വിദ്യാർഥികൾക്ക് ആശങ്ക.
വിദ്യാർഥികൾക്ക് ഒരുമാസമെങ്കിലും പരീക്ഷയ്ക്ക് മുമ്പ് നേരിട്ടുള്ള ക്ലാസുകൾ നടത്തുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നെങ്കിലും നിലവിൽ 10 ദിവസത്തെ ക്ലാസുകൾ മാത്രമാണ് ലഭിക്കുന്നത്.
ശാസ്ത്രവിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. ലാബിൽ ചെയ്യേണ്ടുന്ന പഠന പ്രവർത്തനങ്ങൾ പലകോളേജുകളിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
തിയറി ക്ലാസുകൾ ഓൺലൈനിലൂടെ നൽകിയെങ്കിലും പ്രാക്ടിക്കൽ ക്ലാസുകളാണ് പ്രതിസന്ധിയാകുന്നത്. പ്രാക്ടിക്കൽ അസൈൻമെന്റുകളും പൂർത്തിയാക്കിയിട്ടില്ല.
സെപ്റ്റംബർ 12 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. ഇതിനുമുമ്പ് പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വിദ്യാർഥികൾ രാവുംപകലും ഒരു പോലെ പ്രയത്നിക്കേണ്ടിവരും.
അതേസമയം പലകോളേജുകളിലും സുരക്ഷാസംവിധാനങ്ങൾ പാലിച്ച് വിവിധ ബാച്ചുകളായാണ് അധ്യയനം നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽ നിന്നും എത്തുന്നവർക്ക് 6 ഹോസ്റ്റൽ സൗകര്യം സുരക്ഷിതമല്ലെന്നും ആരോപണമുണ്ട്.