ബെംഗളൂരു: സർക്കാർ ക്വാറന്റീനിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് പൊക്കി.
നഗരത്തിലെ സുബ്രഹ്മണ്യനഗർ സ്വദേശി ജയ്ശങ്കറാണ് (31) പിടിയിലായത്.
ഇപ്പോൾ ഇയാളെ എച്ച്എസ്ആർ. പോലീസ് സ്റ്റേഷനിലെ ഐസൊലേഷൻ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.
കോവിഡ് നിർണയ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ ഇയാളെ കോടതിയിൽ ഹാജരാക്കുകയുള്ളൂ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
എച്ച്. എസ്. ആർ. ലേഔട്ടിലെ സർക്കാർ ഹോസ്റ്റലിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ജയ് ശങ്കർ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.
ഇയാൾ മുംബൈയിൽനിന്ന് തിരിച്ചെത്തി ഇതേ ഹോസ്റ്റലിൽ കഴിയുകയാണ്.
ക്വാറന്റീനിൽ പ്രവേശിപ്പിച്ച ഒരു യുവതിയെ ഇയാൾ കുളിമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു.
യുവതി സ്വന്തം മുറിയിലേക്ക് ഓടിരക്ഷപ്പെടുകയൊയിരുന്നു.
ഇതിനിടെ മറ്റൊരു മുറിയിൽ കയറിയ ജയ്ശങ്കർ അവിടെയുണ്ടായിരുന്ന യുവതിയെയും ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് മറ്റു മുറികളിലുണ്ടായിരുന്നവർ ഓടിയെത്തിയാണ് ഇയാളെ പിടികൂടിയത്.
പിന്നീട് പോലീസിൽ വിവരമറിയിച്ചു.
3 ദിവസം മുമ്പ് ക്വാറന്റീനിൽ പ്രവേശിപ്പിച്ച ഇയാൾ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കിയതായി കൂടുതൽ പേർ പരാതിപ്പെട്ടിട്ടുണ്ട്.