ബെംഗളൂരു : ഇന്ന് മുതൽ സംസ്ഥാനത്തെ ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറന്ന് പ്രവർത്തിക്കും.
കേന്ദ്രത്തിൻ്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ക്ഷേത്രങ്ങളും മസ്ജിദുകളും ചർച്ചുകളും തുറന്ന് പ്രവർത്തിക്കുക.
കൃസ്ത്യൻ പള്ളികളിൽ ഈ മാസം 14 ന് ഞായറാഴ്ച കുർബാന ആരംഭിക്കും.
അതേ സമയം ചിലയിടങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നുവ്യക്തമാക്കി മഹല്ല് കമ്മിറ്റികളും ക്ഷേത്രസമിതികളും ആരാധനാലയങ്ങൾ തുറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടൽ, റെസ്റ്റോറന്റ്, മറ്റു ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ഇന്ന് മുതൽ ലഭ്യമാകും.
- റെസ്റ്റോറന്റുകളിൽ ഇരുന്നു കഴിക്കുന്നതിനേക്കാൾ പാഴ്‌സൽ സേവനം കൂടുതൽ പ്രോത്സാഹിപ്പിക്കണം.
- സീറ്റുകളുടെ 50 ശതമാനം മാത്രമേ അനുവദിക്കാവൂ.
- സാമൂഹിക അകലം പാലിക്കുന്ന വിധത്തിലാകണം ഇരിപ്പിടങ്ങൾ.
- ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ ഉപഭോക്താവിന്റെ വീടിന്റെ വാതിൽക്കൽ വെച്ചിട്ടുപോകണം.
- റെസ്റ്റോറന്റുകളുടെ പ്രവേശനസ്ഥലത്ത് തെർമൽ സ്‌ക്രീനിങ്ങും സാനിറ്റൈസറും നിർബന്ധമായി വേണം.
- തുണികൊണ്ടുള്ള നാപ്കിനു പകരം ഉയർന്നനിലവാരമുള്ള ഡിസ്പോസബിൾ പേപ്പർ നാപ്കിനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഷോപ്പിങ് മാളുകൾ ഇന്ന് മുതൽ പ്രവർത്തിക്കും.
- ഒരോതവണയും മാളിൽ കയറുന്നവരുടെ എണ്ണവും നിയന്ത്രിക്കൻ സംവിധാനമുണ്ടാവും.
- രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
- മുഴുവൻ സമയവും മുഖാവരണം ധരിച്ചിരിക്കണം.
- മാളുകളിലെ കടകളിലും എലവേറ്ററുകളിലും ആളുകളുടെ എണ്ണം നിജപ്പെടുത്തും.
- മാളുകളിലെ ഭക്ഷണശാലകളിൽ സീറ്റുകളുടെ 50 ശതമാനമേ പാടുള്ളൂ.
- ഓരാതവണയും മേശകൾ അണുവിമുക്തമാക്കും.
- മാളുകളിലെ തിയേറ്ററുകളും ഗെയിമിങ് സെന്ററുകളും പ്രവർത്തിക്കില്ല.
ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ.
- സന്ദർശകർ തമ്മിൽ 6 അടി ദൂരം പാലിക്കണം.
- അകലം പാലിക്കുന്നതിനായി ആരാധനാലയങ്ങളിൽ മാർക്ക് ചെയ്ത സ്ഥലത്ത് മാത്രമെ നിൽക്കാൻ പാടുകയുള്ളൂ.
- ആരാധനാലയങ്ങളിലെത്തുന്നവർ ചെരിപ്പുകൾ സ്വന്തം വാഹനത്തിൽതന്നെ സൂക്ഷിക്കണം.
- വിഗ്രഹങ്ങൾ, പ്രാർഥനാ പുസ്തകങ്ങൾ തുടങ്ങിയവ സ്പർശിക്കാൻ പാടില്ല.
- ഗായകസംഘത്തെ അനുവദിക്കില്ല
- ഗായകസംഘത്തിനു പകരം കഴിയുന്നതും നേരത്തേ റെക്കോഡ് ചെയ്ത ഗാനങ്ങൾ ആരാധനാലയങ്ങളിൽ ഇടണം.
- ക്ഷേത്രങ്ങളിൽ ഭജനയും മറ്റുപരിപാടികളും അനുവദിക്കില്ല.
- മസ്ജിദുകളിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി അണുവിമുക്തമാക്കാനുള്ള ടണൽ ഉൾപ്പെടെ ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
പാർക്ക്, മൃഗശാല തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
- മൃഗശാല സന്ദർശിക്കുന്നവർക്ക് മാസ്ക് നിർബന്ധം
- ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയായിരിക്കും മൃഗശാലകളിൽ പ്രവേശനം അനുവദിക്കുക.
- സഫാരി വാഹനങ്ങളിൽ ഒരേ സമയം 50 ശതമാനം ആളുകൾ മാത്രം.
- പാർക്കുകൾ നിലവിലുള്ളതുപോലെ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തിക്കുക.
- പകൽ സമയങ്ങളിൽ പാർക്കുകൾ അടഞ്ഞുതന്നെ കിടക്കും.
- ലാൽബാഗിലെ നഴ്‌സറിയും തുറക്കും.
- നന്ദി ഹിൽസിൽ ജൂൺ 30-നു ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക.
- സംസ്ഥാനത്തെ നിയന്ത്രിതമേഖലയ്ക്ക് പുറത്തുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും തിങ്കളാഴ്ചമുതൽ തുറക്കും.
- വനമേഖലയിലെ സഫാരി, ട്രക്കിങ് തുടങ്ങിയവയും റിസോർട്ടുകളുടെ പ്രവർത്തനവും തിങ്കളാഴ്ച ആരംഭിക്കും.
ഇനിയും അടഞ്ഞ് കിടക്കുന്ന സ്ഥാപനങ്ങൾ / സംവിധാനങ്ങൾ.
- സ്കൂൾ, കോളജ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ അടഞ്ഞുതന്നെ കിടക്കും.
- രാജ്യാന്തര വിമാനയാത്ര.
- സിനിമ ഹാൾ, ഫിറ്റ്‌നസ് സെന്റർ, സ്വമ്മിങ് പൂൾ, തിയേറ്റർ.
- ബാറുകളിലിരുന്ന് മദ്യം കഴിക്കുന്നത്.
- ഓഡിറ്റോറിയം, അസംബ്ലി ഹാൾ, സെമിനാർ ഹാൾ.
- കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുചടങ്ങുകൾക്കും വിലക്കുണ്ട്.
- ചില ആരാധനാലയങ്ങൾ തുറക്കില്ല എന്ന് അവയുടെ അധികാരികൾ അറിയിച്ചിട്ടുണ്ട്.