തന്റെ പത്രാധിപർ പറഞ്ഞപ്രകാരം കുറ്റവാളി എന്ന് ആരോപിക്കപ്പെട്ട് കാട്ടിൽ താമസിക്കുന്ന ഒരു മനുഷ്യനെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ശരത്തിൽ നിന്നാണ് ‘വേട്ട’ എന്ന ഹ്രസ്വ ചിത്രം തുടങ്ങുന്നത്. തുടക്കം മുതലേ ഉള്ള ചെറിയ പിരിമുറുക്കം കഥ മുന്നോട്ട് പോകുംതോറും എറിയേറി പ്രേക്ഷകരെ മുൾമുനയിൽ നിര്ത്തുകയാണ് ചെയ്യുന്നത്. തികച്ചും ഒരു ത്രില്ലെർ രീതിയിൽ ആണ് കഥയെങ്കിലും വളരെ അർഥവത്തായ ഒരു ആശയം ഇതിലൂടെ പറയുന്നു എന്നിടത്താണ് ഈ ചിത്രത്തിന്റെ പ്രത്യേകതയും വിജയവും. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യനുള്ള ഒരു മുന്നറിയിപ്പാണ് ഇത്. ചിത്രത്തിന്റെ ഹൃദയം എന്ന് പറയാവുന്നത് ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ച പ്രിയചന്ദ്രൻ പേരയിൽ എഴുതിയ ഒരു എട്ടു വരി കവിതയാണ്.
ഭദ്രൻ എന്ന കാട്ടിൽ താമസിക്കുന്ന ആളുടെ കുടെ വേറെ രണ്ടുപേർ കൂടിയുണ്ട് ആ വീട്ടിൽ. കാട്ടിൽ പണിയെടുക്കുന്ന ഊമയായ ഇന്ദുചൂഡനും അണിഞ്ഞൊരുങ്ങി കണ്ണുകൾ കൊണ്ട് മാത്രം സംസാരിക്കുന്ന ദേവിയും. ഇവർ ആരാണെന്നും എന്താണെന്നും പ്രേക്ഷകരെ ചിന്തിപ്പിക്കും. ശരത്തിലൂടെ സഞ്ചരിക്കുന്ന പ്രേക്ഷകർ ഭദ്രന്റെ ആശയങ്ങളിലും അവിടെ നടക്കുന്ന സംഭവവികാസങ്ങളിലും ശരത്തിനോടൊപ്പം പെട്ടുപോകുന്ന ഒരനുഭവമാണ് ഉണ്ടാകുന്നത്.
27 മിനുട്ടുള്ള ഈ ഹ്രസ്വ ചിത്രം ഒരു മുഴുനീളെ സിനിമ കാണുന്ന അനുഭവം ഉളവാക്കുന്നുണ്ട്. പേരയിൽ പ്രൊഡക്ഷൻസ് നിർമ്മിച്ച വേട്ടയുടെ കഥ എഴുതിയിരിക്കുന്നത് പ്രിയചന്ദ്രൻ പേരയിലും ജിജി തോമസും ചേർന്നാണ്. തിരക്കഥയും സംവിധാനവും പ്രിയചന്ദ്രൻ പേരയിൽ ആണ് നിർവഹിച്ചിരിക്കുന്നത്. ക്രീയേറ്റീവ് ഡയറക്ടർ അഖിൽ അനിൽകുമാർ ആണ്. മനോഹരമായ ദൃശങ്ങൾ കാഴ്ചവച്ചിരിക്കുന്ന ഛായാഗ്രാഹകൻ ഫ്രാങ്ക്ളിൻ BZ ആണ്. കൃത്യമായ എഡിറ്റിംഗും DI ഉം ചെയ്തിരിക്കുന്നത് ഇജാസ് നൗഷാദ് ആണ്. ഷിയാദ് കബീറിന്റെ സംഗീതവും ഷെഫിൻ മായൻ ചെയ്തിരിക്കുന്ന സൗണ്ട് ഡിസൈനും പ്രശംസനീയമാണ്. ചിത്രത്തിൽ മുനവർ ഉമർ, പ്രിയചന്ദ്രൻ പേരയിൽ, അരുണ രാജീവ്, പ്രശാന്ത് K P , രാജ P RS എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്.
കണ്ടു മടുത്ത ആശയങ്ങളിൽ നിന്നും മാറി, ത്രസ്സിപ്പുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പുതിയ അനുഭവമാണ് ഈ ഹ്രസ്വ ചിത്രം നൽകുന്നത്.
‘വേട്ട The Hunt’ YouTube ഇൽ കാണാവുന്നതാണ്.