ബെംഗളൂരു: പരീക്ഷകൾ പെട്ടെന്ന് നിർത്തിവക്കുകയും സ്കൂളുകൾ പെട്ടെന്ന് തന്നെ അടക്കുകയും ചെയ്തതോടെ കുട്ടികൾ എല്ലാവരും അവധി കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു.
എന്നാൽ ഈ ലോക്ക്ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ ആയതിനാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം എല്ലാവർക്കും ബോറടി തുടങ്ങി.
ലോക് ഡൗൺകാലത്ത് വീടുകളിൽ കഴിഞ്ഞുകൂടുന്ന വിദ്യാർഥികളുടെ മടുപ്പു മാറ്റാൻ യൂട്യൂബ് ചാനൽ ആരംഭിക്കാനൊരുങ്ങുകയാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ്.
കുട്ടികളുടെ ബോറടി മാറ്റുകയും അവധിക്കാലത്തും കുട്ടികളെ പ്രവർത്തനനിരതരായി ഇരുത്തുകയാണ് ലക്ഷ്യം.
കുട്ടികൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ പൊതുജനങ്ങൾക്ക് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാം.
അധ്യാപകർ, സോഫ്റ്റ്‌വേർ ഉദ്യോഗസ്ഥർ, സ്റ്റാർട്ടപ്പ് മേധാവികൾ തുടങ്ങിയവർക്ക് യൂട്യൂബ് ചാനലിലേക്കു കൂടുതലായി സംഭാവനകൾ നൽകാമെന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് ഏറ്റവും മികച്ച കാര്യങ്ങൾ യൂട്യൂബിലൂടെ നൽകുകയാണ് ലക്ഷ്യം.
കുട്ടികളുടെ ക്രിയാത്മകമായ ചിന്തകൾക്ക് പ്രയോജനപ്പെടുന്നതാകണം ചാനലിൽ അപ് ലോഡ് ചെയ്യുന്ന കാര്യങ്ങൾ.
പുറത്തിറങ്ങി കളിക്കാനും സാധിക്കാത്തതിനാൽ കുട്ടികൾ വീടുകളിൽ ഒതുങ്ങിക്കൂടി മൊബൈൽ ഗെയിമുകളും മറ്റും കളിച്ചുവരികയാണ്. യൂട്യൂബ് ചാനലിൽ ദിവസേന നാലോ അഞ്ചോ പരിപാടികളുണ്ടാകും.
രാവിലെയും വൈകീട്ടും ഒരു മണിക്കൂർ വീതമാകും പരിപാടികൾ. ലോക് ഡൗണിനെ തുടർന്നുള്ള അവധി തീർന്നാലും തുടർന്നുവരുന്ന അവധികളിലും വിദ്യാർഥികൾക്ക് യൂട്യൂബ് ചാനൽ പ്രയോജനപ്പെടുത്താം.
അതേസമയം, ലോക്ഡൗൺ കാലത്ത് വീടുകളിൽ കഴിഞ്ഞുകൂടുന്ന വിദ്യാർഥികളുമായി സാമൂഹിക മാധ്യമങ്ങൾ വഴി അധ്യാപകർ സമ്പർക്കം പുലർത്തിവരുന്നുണ്ട്.
ദീർഘമായ അവധി ലഭിക്കുമ്പോൾ കുട്ടികൾക്ക് ക്ലാസുമായും പാഠ്യവിഷയങ്ങളുമായുള്ള ബന്ധം വിട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളാണ് അധ്യാപകർ നടത്തുന്നത്.
നഗരത്തിലെ ചില സ്വകാര്യ സ്കൂളുകൾ ഇതുസംബന്ധിച്ച് അധ്യാപകർക്ക് നിർദേശം കൊടുത്തിട്ടുണ്ട്.
എന്നാൽ, അവധിക്കാലത്തും കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.