ബെംഗളൂരു: നഗരത്തിൽ ആശാ വർക്കർമാരുടെ വൻ പ്രതിഷേധറാലി. സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് നടത്തിയ റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആശാ വർക്കാർ പങ്കെടുത്തു. ആനന്ദ് റാവു സർക്കിൾ മേൽപ്പാലം വഴിയായിരുന്നു റാലി.
മിനിമം വേതനം 12,000 രൂപയാക്കണമെന്നും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഓണറേറിയം വിതരണംചെയ്യണമെന്നുമായിരുന്നു ജീവനക്കാരുടെ പ്രധാന ആവശ്യം. പലർക്കും 15 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ബെംഗളൂരുവിൽ രണ്ടുദിവസം സമരം നടത്തിയശേഷം ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മറ്റ് ജില്ലകളിലും സമരം നടത്താനാണ് തീരുമാനമെന്ന് സംസ്ഥാന സംയുക്ത ആശാ വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഡി. നാഗലക്ഷ്മി പറഞ്ഞു.
കേന്ദ്രത്തിന്റെ ഓൺലൈൻ പേമെന്റ് സംവിധാനമായ ‘ആശ’ സോഫ്റ്റ് വെയർ കൃത്യമായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ പലർക്കും കൃത്യസമയത്ത് പണം ലഭിക്കുന്നില്ലെന്ന് നാഗലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവുമായി ജീവനക്കാർ ചർച്ചനടത്തിയിരുന്നെങ്കിലും എല്ലാ ആവശ്യവും അംഗീകരിക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല നിലപാടെടുത്തില്ല. നാലുതവണ മന്ത്രിയുമായി ചർച്ചനടത്തിയെങ്കിലും പൊള്ളയായ വാഗ്ദാനങ്ങൾമാത്രമാണ് ലഭിക്കുന്നതെന്നും നാഗലക്ഷ്മി പറഞ്ഞു.
ആശാവർക്കർമാർ ഉന്നയിച്ച 12 ആവശ്യങ്ങളിൽ നാലെണ്ണം പൂർണമായും നാലെണ്ണം ഭാഗികമായും സർക്കാർ അംഗീകരിച്ചതായി ആരോഗ്യവകുപ്പ് കമ്മിഷണർ പങ്കജ് കുമാർ പാണ്ഡെ പറഞ്ഞു. രാജ്യത്തെല്ലായിടത്തും ആശാ വർക്കർമാരുടെ പ്രകടനംനോക്കി വേതനം നിശ്ചയിച്ചിട്ടുള്ളതിനാൽ നിശ്ചിത തുക അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ആശാവർക്കർമാർക്ക് സംസ്ഥാന സർക്കാർ 4,000 രൂപയും കേന്ദ്രസർക്കാർ 6,000 രൂപയുമാണ് ഓണറേറിയമായി നൽകുന്നത്. ഇത് കൃത്യമായി കിട്ടുന്നില്ലെന്നാണ് പരാതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.