ബെംഗളൂരു: ഹുളിമാവ് തടാകത്തിന്റെ ബണ്ട് തകർന്ന സംഭവത്തിൽ, ജനവാസമേഖലകളിൽ വെള്ളംകയറിയത് ഇറങ്ങിത്തുടങ്ങി. വീടുകളിലേക്ക് ഒഴുകിയെത്തിയ മാലിന്യം നീക്കുന്ന ജോലികൾ നടന്നുവരികയാണ്.
ഞായറാഴ്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവർ തിങ്കളാഴ്ച രാവിലെ വീടുകളിൽ തിരിച്ചെത്തിയപ്പോൾ കണ്ടത് വീട്ടിലുള്ള സാധനങ്ങളെല്ലാം ഒലിച്ചുപോയതാണ്. ചില വീടുകളിൽ അഞ്ചടി ഉയരത്തിൽവരെ വെള്ളംപൊങ്ങി.
വെള്ളം ഇറങ്ങിയതോടെ പാമ്പുശല്യവും രൂക്ഷമായി. നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) 10,000 രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
തടയണ പൊട്ടിയഭാഗം 500 ലോഡ് മണ്ണിട്ട് വെള്ളം ഒഴുകുന്നത് തടഞ്ഞു. 800-ലധികം വീടുകളിൽ വെള്ളംകയറി. 300-ലധികം കാറുകളും 500-ലധികം ഇരുചക്രവാഹനങ്ങളും വെള്ളത്തിനിടയിലായി. വെള്ളത്തിൽ പലരുടെയും വിലപിടിച്ച രേഖകളും മറ്റു സാധനങ്ങളും ഒഴുകിപ്പോയി.
ബി.ടി.എം. ലേഔട്ട്, ആർ.ആർ. ലേഔട്ട്, ബിലെകഹള്ളി, കൃഷ്ണ ലേഔട്ട്, റോയൽ റെസിഡൻസി, ആവനി, ശ്രീംഗേരി നഗർ തുടങ്ങിയ ഭാഗങ്ങളിലാണ് അപ്രതീക്ഷിതമായി വെള്ളം കയറിയത്. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് 1000-ത്തിലധികം പേരാണ് ദുരിതത്തിലായത്.
പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. നവീകരണ ചുമതലയുള്ള കരാറുകാരൻ മുന്നറിയിപ്പ് നൽകാതെ തടാകത്തിലെ ജലനിരപ്പ് കുറക്കുന്നതിനായി തടയണ പൊളിച്ചുവിടുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനം.
കരാറുകാരനായ വെങ്കിടേഷിനെതിരേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എൻ.ഡി.ആർ.എഫ്., പോലീസ്, സി.ആർ.പി.എഫ്., മാർഷൽമാർ, ഫയർഫോഴ്‌സ് തുടങ്ങിയവർ ഉൾപ്പെടെ 500-ലധികം വരുന്ന സംഘം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.