ബെംഗളൂരു : കർണാടകയിലെ ദാവനഗരെയിൽ ജിമ്മിൽ നിന്നും വ്യായാമം കഴിഞ്ഞ് മടങ്ങിയെത്തിയ ഇരുപത്തിയാറുകാരനായ ബോഡിബിൽഡർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കെ.ടി.ജെ നഗർ സ്വദേശിയായ സുശീൽ കുമാറാണ് മരിച്ചത്. സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി ബോഡിബിൽഡിങ് പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രതിഭയായിരുന്നു സുശീൽ.
ചൊവ്വാഴ്ച രാത്രി ജിമ്മിലെ പതിവ് വ്യായാമങ്ങൾ പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തിയ സുശീൽ, രാത്രി ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കായികരംഗത്ത് സജീവമായിരുന്ന യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും കായികപ്രേമികളെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
