ബെംഗളൂരു: ഭൂമിയേറ്റെടുക്കൽ തടസ്സങ്ങൾക്കും നിർമ്മാണ കമ്പനിയുടെ നിഷ്ക്രിയത്വത്തിനും പിന്നാലെ 482 കോടി രൂപ ചെലവിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ട വർത്തുർ-ഗുഞ്ചൂർ എലിവേറ്റഡ് ഇടനാഴി പദ്ധതി അനിശ്ചിതത്വത്തിൽ. സ്റ്റേറ്റ് ഹൈവേ-35-ൽ നിർദ്ദിഷ്ട രണ്ട് കിലോമീറ്റർ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പദ്ധതി പൂർത്തിയാക്കാൻ അധികൃതർ നടപടിയെടുക്കാത്തതിൽ യാത്രക്കാരും പ്രദേശവാസികളും വൻ അമർഷത്തിലാണ്.
ഹൈദരാബാദ് ആസ്ഥാനമായുള്ള നാഗഭൂഷണ ആൻഡ് കമ്പനിക്ക് 2019 മാർച്ച് മാസത്തിലാണ് രണ്ടു വർഷത്തെ കരാർ കാലാവധിയിൽ പദ്ധതി കൈമാറിയത്. എന്നാൽ ഏഴ് വർഷം പിന്നിട്ടിട്ടും പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ലക്ഷ്യത്തിലെത്തിയിട്ടില്ല. സ്കൂളുകളും വലിയ പാർപ്പിട സമുച്ചയങ്ങളും വാണിജ്യ സ്ഥാപനങ്ങളും നിറഞ്ഞ ഈ മേഖലയിൽ കർണാടക റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് (KRDCL) നിർമ്മാണച്ചുമതല നൽകിയിരുന്നത്. പദ്ധതിക്കായി ഏകദേശം 200 വസ്തുക്കൾ ഏറ്റെടുക്കേണ്ടതിൽ 150 എണ്ണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. തുക ലഭിക്കാനുള്ള ഫയലുകൾ കെആർഡിസിഎൽ ഓഫീസിൽ കെട്ടിക്കിടക്കുന്നതും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ ടിഡിആർ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതുമാണ് ഭൂമിയേറ്റെടുക്കൽ വൈകിക്കുന്നത്.
ഇതിനുപുറമേ, ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ പോലും കേവലം 12 ശതമാനം നിർമ്മാണം മാത്രമാണ് കമ്പനി പൂർത്തിയാക്കിയത്. നിർമ്മാണ സാമഗ്രികളുടെ ക്ഷാമവും യൂട്ടിലിറ്റി മാറ്റുന്നതിലെ താമസം തുടങ്ങിയ ഘടകങ്ങളും പദ്ധതിയെ ബാധിച്ചു. നിർമ്മാണച്ചെലവ് ഉയർന്നത് ചൂണ്ടിക്കാട്ടി കമ്പനി 30 കോടി രൂപ അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ തുകയുടെ വ്യത്യാസമുള്ളതിനാൽ വിഷയം സർക്കാരിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണെന്ന് പദ്ധതിയുടെ ചുമതലയുള്ള എഞ്ചിനീയർ അറിയിച്ചു.
അതേസമയം, പ്രവൃത്തിയിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള കമ്പനിയുടെ കരാർ റദ്ദാക്കണമെന്ന് മുൻ മഹാദേവപുര എംഎൽഎ അരവിന്ദ് ലിംബാവലി ആവശ്യപ്പെട്ടു. നിർമ്മാണം നടക്കുന്നതിനിടെ റോഡുകൾ അറ്റകുറ്റപ്പണി നടത്താതെ ഉപേക്ഷിച്ചതിനാൽ ഗർത്തങ്ങൾ നിറഞ്ഞ പാതയിലൂടെയാണ് നിലവിൽ ജനങ്ങൾ യാത്ര ചെയ്യുന്നത്. പദ്ധതിയുടെ ഭാഗ
