എൽപിജി ബുക്കിങിൽ ഒക്ടോബർ ഒന്ന് മുതൽ മാറ്റം ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സിലിണ്ടറിന് കൊടുക്കേണ്ടി വരുക അധിക തുക

ഡൽഹി: സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ (എൽപിജി) വാങ്ങുന്നവർക്കായി കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സബ്സിഡി സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനും അർഹരായ ഉപഭോക്താക്കളിലേക്ക് മാത്രം സർക്കാർ സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന നിർബന്ധമാക്കി. യോഗ്യരല്ലാത്തവരെ ഒഴിവാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സെപ്റ്റംബർ 19 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 27.43 കോടി ആളുകളാണ് സബ്സിഡി നിരക്കിൽ എൽപിജി ഉപയോഗിക്കുന്നത്. ഇതിൽ 89.9 ശതമാനം പേരും ഇതിനോടകം ബയോമെട്രിക് പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞു. നിലവിൽ ബയോമെട്രിക് പൂർത്തിയാക്കിയവർക്ക് സാധാരണ പോലെ സിലിണ്ടറുകൾ ബുക്ക് ചെയ്യാം. എന്നാൽ പരിശോധന പൂർത്തിയാക്കാത്തവർക്കും സിലിണ്ടറുകൾ ബുക്ക് ചെയ്യാമെങ്കിലും അവർക്ക് സബ്സിഡി ആനുകൂല്യം ലഭിക്കുകയില്ല.

ഒക്ടോബർ ഒന്നു മുതൽ സബ്സിഡി സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് പരിശോധന നിർബന്ധമാണ്. അതിനാൽ പരിശോധന ബാക്കിയുള്ള ഉപഭോക്താക്കൾ എത്രയും വേഗം ഇത് പൂർത്തിയാക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് പരിശോധന വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമേ തുടർന്ന് സബ്സിഡി നിരക്കിൽ സിലിണ്ടറുകൾ ലഭിക്കുകയുള്ളൂ.

ബയോമെട്രിക് പരിശോധന എങ്ങനെ

1 ഉപഭോക്താക്കൾക്ക് മൂന്ന് മാർഗ്ഗങ്ങളിലൂടെ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന നടത്താം:

2 ഡെലിവറി സമയത്ത്: എൽപിജി സിലിണ്ടർ വീട്ടിൽ എത്തിച്ചുനൽകുന്ന സമയത്ത് ഡെലിവറി ഏജന്റിന് ബന്ധപ്പെട്ട എണ്ണ കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പരിശോധന പൂർത്തിയാക്കാം.

3 ഏജൻസി ഓഫീസിൽ: ഗ്യാസ് സിലിണ്ടർ വിതരണക്കാരുടെ (ഗ്യാസ് ഏജൻസി) ഓഫീസുകളിൽ നേരിട്ടെത്തി ബയോമെട്രിക് വിവരങ്ങൾ നൽകാം.

4 മൊബൈൽ ആപ്പ് വഴി: എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം വീട്ടിലിരുന്നും പരിശോധന നടത്താവുന്നതാണ്.

ഇൻഡേൻ ഉപഭോക്താക്കൾക്ക് ‘ഇന്ത്യൻഓയിൽ വൺ’ (IndianOil One) ആപ്പും, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ‘ഹലോ ബിപിസിഎൽ’ (Hello BPCL) ആപ്പും, ഹിന്ദുസ്ഥാൻ പെട്രോളിയം ഉപഭോക്താക്കൾക്ക് ‘എച്ച്പി പേ’ (HP Pay) ആപ്പുമാണ് ഇതിനായി ഉപയോഗിക്കാവുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തന രീതികൾ വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts