ബെംഗളൂരു : സുപ്രീം കോടതിയുടെ ഉത്തരവിലൂടെ അയോഗ്യത ഉറപ്പിച്ച 17 എംഎൽഎമാരും ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ അശ്വഥ് നാരായൺ അറിയിച്ചു.
അയോഗ്യരായ എംഎൽഎമാർ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുകയും മുതിർന്ന നേതാക്കളെ സന്ദർശിക്കുകയും ചെയ്തു. അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. നാളെ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ അവർ മുഖ്യമന്ത്രി യെദിയൂരപ്പയുടെയും പാർട്ടി പ്രസിഡന്റ് നളിൻ കുമാർ കട്ടീലിന്റെയും സന്നിദ്ധ്യത്തിൽ പാർട്ടിയിൽ ചേരും: ഉപമുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.
പാർട്ടിയിൽ ചേർന്നവർക്ക് ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം നൽകുമോ എന്ന ചോദ്യത്തിന്, തന്റെ സുഹൃത്തുക്കൾ പൂർണമനസ്സോടെയാണ് പാർട്ടിയിൽ ചേരുന്നത് ,അവർക്കില്ലാത്ത ടെൻഷൻ മാധ്യമപ്രവർത്തകർക്ക് എന്തിനാണ് എന്നായിരുന്നു മറു ചോദ്യം. അവരുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന പാർട്ടിയിലേക്കാണ് അവർ വരുന്നത്.
അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ നേതാവും കോൺഗ്രസ് എം എൽ എ യുമായിരുന്ന രമേഷ് ജാർക്കി ഹോളിയും ബി.ജെ.പി പ്രവേശന വാർത്ത സ്ഥിരീകരിച്ചു.പാർട്ടിയിൽ ചേർന്ന ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കും.രമേഷ് ജാർക്കി ഹോളിയുടെ സഹോദരൻ സതീഷ് ജാർക്കി ഹോളി ഇപ്പോഴും കോൺഗ്രസ് എം എൽ എ ആണ്.
എം എൽ എ സ്ഥാനം രാജിവയ്ക്കുന്നതിന് ഏതാനും ദിവസം മുൻപ് മാത്രം ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ത്യജിച്ച ഹുൻസൂർ എംഎൽഎയും മുതിർന്ന നേതാവുമായ എ.എച്ച് വിശ്വനാഥ്, താൻ തന്റെ മണ്ഡലത്തിൽ തന്നെ മൽസരിച്ച് ജയിച്ച് മന്ത്രിയാകും എന്നും പ്രഖ്യാപിച്ചു.
” യെദിയൂരപ്പയുടെ സർക്കാർ ഇനി സുരക്ഷിതമാണ്”എന്നാണ് കോടതി വിധി വന്നതിന് ശേഷം മുൻ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അദ്ധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയുടെ പ്രതികരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.