ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തിൽ കോൺഗ്രസിൽ ആശങ്ക. കള്ളപ്പണംവെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് നൽകിയ സ്വീകരണത്തിനിടെ ജെ.ഡി.എസ്. പതാക ശിവകുമാർ കൈയിലേന്തിയതാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചത്.
ശിവകുമാറിനെ കുറ്റപ്പെടുത്തി സിദ്ധരാമയ്യ കോൺഗ്രസ് നേതാക്കളുമായി സംസാരിക്കുന്ന വീഡിയോ പുറത്തായതോടെ ഇരുവരും തമ്മിലുള്ള അകൽച്ച കൂടി. ഡിസംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇരുനേതാക്കളും തമ്മിലുള്ള ശീതസമരം പാർട്ടിയുടെ വിജയത്തെ ബാധിക്കുമോയെന്നാണ് പാർട്ടിനേതൃത്വത്തിന്റെ ആശങ്ക.
ഇരുവരും തമ്മിലുള്ള പ്രശ്നം തീർക്കാൻ നേതൃത്വം ശ്രമം തുടങ്ങി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും വൊക്കലിഗ സമുദായവോട്ടുകൾ നിർണായകമാണ്. സമുദായനേതാവായ ശിവകുമാറിനെ പിണക്കുന്നത് തിരിച്ചടിയാകും.
ഇത് മുന്നിൽക്കണ്ടുള്ള നീക്കമാണ് കോൺഗ്രസ് നേതൃത്വം നടത്തുന്നത്. എന്നാൽ സംസ്ഥാനത്തെ പാർട്ടിനേതൃസ്ഥാനത്തിനായി ശിവകുമാർ നടത്തുന്ന നീക്കത്തിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്. പ്രതിപക്ഷനേതൃസ്ഥാനം സിദ്ധരാമയ്യക്ക് ലഭിച്ചതിനാൽ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.
എന്നാൽ കേസിൽ ജാമ്യം ലഭിച്ചതിനുപിന്നാലെ നേതൃസ്ഥാനം നൽകിയാൽ ജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാകുമെന്ന വാദവുമുണ്ട്. ശിവകുമാറിന്റെ സ്വീകരണപരിപാടിയിൽ ജെ.ഡി.എസ്. എം.എൽ.എ.മാർ പങ്കെടുത്തത് പാർട്ടിനേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ മൗനാനുവാദത്തോടെയാണ്.
കോൺഗ്രസിലെ ഭിന്നത മുന്നിൽക്കണ്ടാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്. പ്രതിപക്ഷത്തെ ഭിന്നത ഉപതിരഞ്ഞെടുപ്പിൽ സഹായകമാകുമെന്നാണ് ബി.ജെ.പി.യുടെ കണക്കുക്കൂട്ടൽ. സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിനോടുള്ള കുമാരസ്വാമിയുടെ മൃദുസമീപനത്തിൽ കോൺഗ്രസിന് ആശങ്കയുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങൾ കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും സിറ്റിങ് സീറ്റുകളാണ്. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ സർക്കാർ പ്രതിസന്ധിയിലാകും. ഇത് മുന്നിൽക്കണ്ട് ഇടക്കാല തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.
എന്നാൽ സർക്കാരിനെ നിലനിർത്താൻ ജെ.ഡി.എസിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ കോൺഗ്രസിന്റെ പ്രതീക്ഷ തെറ്റും. സിദ്ധരാമയ്യയെ മുഖ്യശത്രുവായാണ് കുമാരസ്വാമി കാണുന്നത്. കുമാരസ്വാമിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഏതാനും കോൺഗ്രസ് എം.എൽ.എ.മാർ രാജിവെക്കാൻ കാരണം സിദ്ധരാമയ്യയാണെന്നാണ് ജെ.ഡി.എസിന്റെ ആരോപണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.