പഴയ ചെരിപ്പുകൾക്ക് നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരിട്ട് പ്രതിഷേധം!!

ബെംഗളൂരു: പ്രളയദുരിതാശ്വാസം ലഭിക്കാത്തതിന് വേറിട്ട പ്രതിഷേധവുമായി ബെലഗാവിയിലെ ജനങ്ങൾ. പഴയ ചെരിപ്പുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരിട്ട് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.

കന്നഡ സംഘടനാ പ്രവർത്തകരും സാമൂഹികപ്രവർത്തകരും ചേർന്നായിരുന്നു പ്രതിഷേധിച്ചത്. ഈ ചെരിപ്പുകൾ ലേലംചെയ്ത് ലഭിച്ച 69 രൂപ സർക്കാരിന് നൽകുമെന്ന് സമരക്കാർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പേരെഴുതിയ ചെരിപ്പിന് ഒരു രൂപമുതൽക്കായിരുന്നു ലേലംവിളി തുടങ്ങിയത്. അവസാനം അഞ്ചുരൂപയ്ക്ക് പ്രദേശത്തെ കർഷകക്കൂട്ടായ്മ സ്വന്തമാക്കി. വടക്കൻ കർണാടകയിൽനിന്നുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, ഗോവിന്ദ് കർജോൾ എന്നിവരുടെ പേരിലും ചെരിപ്പുകൾ ലേലത്തിനുവെച്ചിരുന്നു.

നേതാക്കളായ പ്രഹ്ളാദ് ജോഷി, സുരേഷ് അംഗടി, മുൻമന്ത്രി അനന്തകുമാർ ഹെഗ്‌ഡെ, ശോഭ കരന്തലജെ എം.പി. എന്നിവരുടെ പേരിലും ചെരിപ്പുകളുണ്ടായിരുന്നു. ദുരിതാശ്വാസത്തിന് തരാൻ പണമില്ലാത്തതിനാൽ സർക്കാരിന് പണം നൽകാമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

സംസ്ഥാനത്തെ 22 ജില്ലകളിലെ പ്രളയക്കെടുതി ഉണ്ടായതിൽ ബെലഗാവിയിലായിരുന്നു ഏറ്റവും കൂടുതൽ ബാധിച്ചത്. സംസ്ഥാനത്താകെ 82 പേർ മരിക്കുകയും രണ്ടരലക്ഷം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഡൽഹിക്കു പോയെങ്കിലും ഫണ്ട് അനുവദിപ്പിച്ചുതരാൻ സാധിച്ചില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us