ക്രിക്കറ്റിന് ജന്മം നൽകിയ ഇംഗ്ലണ്ടിന് ചരിത്ര വിജയം

ലോഡ്സ്: ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ഇരുടീമുകളും ഏറ്റവും ഗംഭീര പോരാട്ടം കാഴ്ച്ചവെച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. എന്നാല്‍ അവിടെയും മത്സരം ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്.

എന്തുകൊണ്ടും ന്യൂസിലന്റ് അര്‍ഹിച്ച കിരീടം കൂടിയാണിത്. പക്ഷേ നിര്‍ഭാഗ്യം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവര്‍ക്കൊപ്പം വന്നതോടെ കിരീടം അവര്‍ക്ക് ലഭിക്കാതെ പോവുകയായിരുന്നു. തുടർച്ചയായ രണ്ടാം തവണയും റണ്ണപ്പുകളായി തൃപ്തിയടയാനായി ന്യൂസീലൻഡിന്റെ വിധി. കഴിഞ്ഞ തവണ ഓസ്ട്രേലിയയോടെ ഏഴ് വിക്കറ്റിന് തോൽക്കാനായിരുന്നു കിവീസിന്റെ വിധി.

മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തിയത്. 1992ലായിരുന്നു അവരുടെ അവസാന ഫൈനൽ പോരാട്ടം. കഴിഞ്ഞ തവണ അവർ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താവുകയായിരുന്നു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. ന്യൂസീലൻഡ് ആറ് പന്തിൽ 15 റൺസെടുത്തെങ്കിലും നിശ്ചിത 50 ഓവറിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 22 ഉം ന്യൂസീലൻഡ് 14 ഉം ബൗണ്ടറികളാണ് നേടിയത്.

നേരത്തെ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 242 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലന്റ് ഉയര്‍ത്തിയത്. പ്രതീക്ഷ നല്‍കിയ തുടക്കത്തിന് ശേഷം ന്യൂസിലന്റ് സ്വയം പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ ഗംഭീര ബൗളിംഗും ഫീല്‍ഡിംഗും മത്സരത്തില്‍ മികച്ച് നിന്നു.

മാര്‍ട്ടിന്‍ ഗുപ്ടിലും ഹെന്റി നിക്കോള്‍സും ചേര്‍ന്ന് ഇംഗ്ലീഷ് ബൗളിംഗിനെതിരെ പിടിച്ച് നിന്നിരുന്നു. ഒരു ഘട്ടത്തില്‍ ഗുപ്ടില്‍ ഫോം കണ്ടെത്തുമെന്നും കരുതിയിരുന്നു. പക്ഷേ നന്നായി സ്വിംഗ് ചെയ്ത പിച്ചില്‍ കിവീസിന് അധിക നേരം പിടിച്ച് നില്‍ക്കാനായില്ല. 18 പന്തില്‍ 19 റണ്‍സെടുത്ത ഗുപ്ടിലിനെ വോക്‌സ് മടക്കി. രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു.

എന്നാല്‍ നിക്കോള്‍സും വില്യംസണും ചേര്‍ന്ന് 74 റണ്‍സ് ചേര്‍ത്ത് ടീമിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. നിക്കോള്‍സ് അര്‍ധ സെഞ്ച്വറിയോടെ ടീമിന്റെ ടോപ് സ്‌കോററായി 77 പന്തില്‍ 55 റണ്‍സെടുത്ത താരം നാല് ബൗണ്ടറിയടിച്ചു. വില്യംസണ്‍ 30 റണ്‍സില്‍ പുറത്തായി. പിന്നീട് വന്നവരൊക്കെ കാര്യമായ പ്രകടനത്തില്‍ പരാജയപ്പെട്ടു.

നിരവധി പന്തുകള്‍ പാഴാക്കിയ മധ്യനിര സ്വയം സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്തു. ടെയ്‌ലര്‍ 15 റണ്‍സെടുത്തത് 31 പന്തിലാണ്. അതേസമയം ടോം ലാഥത്തിന്റെ പ്രകടനമാണ് കിവീസിന്റെ സ്‌കോര്‍ 200 കടത്തിയത്. 56 പന്തില്‍ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്. നീഷാം, ഗ്രാന്‍ഡോം എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

അതേസമയം ഇംഗ്ലണ്ട് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. എല്ലാവരും നന്നായി പന്തെറിഞ്ഞു. വോക്‌സ്, പ്ലങ്കറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. മധ്യനിരയെയും മുന്‍നിരയെയും തകര്‍ത്തത് ഇവരുടെ ബൗളിംഗാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് അനായാസം പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുന്ന സ്‌കോറാണിത്.

അതേസമയം മറുപപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിനെ ബൗളിംഗ് മികവില്‍ ന്യൂസിലന്റ് വരിഞ്ഞ് മുറുക്കി. ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. സ്‌റ്റോക്‌സ് 84 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായി. ബട്‌ലര്‍ 59 റണ്‍സെടുത്തു. ഇംഗ്ലണ്ട് 241 റണ്‍സില്‍ പുറത്തായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

മൂന്ന് വിക്കറ്റ് വീതമെടുത്ത ഫെർഗൂസനും നീഷമും ഇംഗ്ലണ്ടിനെ മെരുക്കിയെങ്കിലും സ്റ്റോക്സിന്റെ കരുത്തിലും ക്ഷമയിലുമാണ് അവർ അസവാന ഓവറിൽ മത്സരം ടൈയാക്കി സൂപ്പർ ഓവറിലേയ്ക്ക് ആയുസ്സ് നീട്ടിയത്. ഇവിടെ 15 റണ്‍സടിച്ചതോടെ ഇംഗ്ലണ്ട് മത്സരം ജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കിവീസും ഈ സ്‌കോറില്‍ ഒതുങ്ങിയതോടെ നിശ്ചിത 50 ഓവറിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് പുതിയ ലോക ചാമ്പ്യന്‍മാരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us