റിയോ ഡി ജനീറോ: ബ്രസീലിന്റെ പന്ത്രണ്ട് വർഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പിന് വിരാമം. മഞ്ഞപ്പട ഒൻപതാം തവണയും കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം സ്വന്തമാക്കി. ഇതിനു മുന്‍പ് 2007ലായിരുന്നു ബ്രസീല്‍ കോപ്പയില്‍ ജേതാക്കളായത്.
സ്വന്തം നാട്ടില്‍ കളിച്ചപ്പോഴെല്ലാം ഭാഗ്യം ബ്രസീലിനെ തുണച്ചിട്ടേയുള്ളു. ഇത്തവണയും ചരിത്രം തിരുത്തിയില്ല. 2007നു മുന്നേ 1919, 1922, 1949, 1989, 1997, 1999, 2004 വര്‍ഷങ്ങളിലും അവര്‍ കിരീടം നേടി. ഇതോടെ മറ്റൊരു നേട്ടം കൂടി ബ്രസീല്‍ കൈവരിച്ചു. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കോപ്പ കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയാണ് ബ്രസീല്‍ സ്വന്തമാക്കിയത്.
കലാശപ്പോരിൽ രണ്ടുവട്ടം കിരീടം ചൂടി പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ആതിഥേയർ സ്വന്തം മണ്ണിൽ ഒരിക്കൽക്കൂടി കിരീടമണിയുന്നത്. ഫൈനലിലെത്തി രണ്ടുവട്ടവും കോപ്പ കിരീടം നേടിയ പെറുവാകട്ടെ അവരുടെ മൂന്നാം ഫൈനലില്‍ തകര്‍ന്നടിയുകയും ചെയ്തു. 1939, 1975 വര്‍ഷങ്ങളിലാണ് പെറു ഇതിനു മുന്നെ ഫൈനലില്‍ എത്തിയത്.
ഒന്നാം പകുതിയിൽ 2-1 എന്ന സ്കോറിൽ മുന്നിലായിരുന്നു ബ്രസീൽ. കളിയിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ ബ്രസീൽ പതിനഞ്ചാം മിനിറ്റിൽ എവർട്ടന്റെ ഗോളിലാണ് ആദ്യം ലീഡ് നേടിയത്. 44-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ഗ്വരേരോ പെറുവിനെ ഒപ്പമെത്തിച്ചു.
ബോക്സിലെ ഒരു കൂട്ടപ്പൊരിച്ചിലിനിടെ വീണു പോയ തിയാഗോ സിൽവയുടെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്നാണ് പെനാൽറ്റി വിധിക്കപ്പെട്ടത്. 1-1ന് ബ്രസീലിനെയും മാറക്കാനയെയും ഞെട്ടിച്ചുകൊണ്ട് പെറു ഒപ്പത്തിനൊപ്പം.
പക്ഷെ തൊട്ടടുത്ത മിനിറ്റിൽ തന്നെ ഈ ഗോളിന് ബ്രസീൽ പകരംവീട്ടി. പ്രതിരോധക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് ആർത്തറിന്റെ ഉജ്വല പാസ്സ് ജീസസ് കൃത്യമായ ഷോട്ടിലൂടെ വലയിലെത്തിച്ചു, സ്കോർ 2-1. എന്നാൽ, അറുപത്തിയൊൻപതാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് ജീസസ് പുറത്തായി.
തൊണ്ണൂറാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി പിഴയ്ക്കാതെ വലയിലാക്കി പകരക്കാരൻ റിച്ചാർലിസൺ ബ്രസീലിന്റെ ജയം ഉറപ്പിച്ചു (3-1). പത്തു പേരെയും വച്ചാണ് ബ്രസീൽ കിരീടനേട്ടത്തോടെ കളി അവസാനിപ്പിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.