ചെന്നൈ: വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുമായി ബന്ധപ്പെട്ട് മധുര കാമരാജ് സർവകലാശാല നൽകിയത് 500 വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളെന്ന് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ വിഭാഗത്തിന്റെ അന്വേഷണസംഘം.
2014, 2015 വിദ്യാഭ്യാസവർഷങ്ങളിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് ചേർന്നതായി രേഖകളുണ്ടാക്കിയാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. വിദ്യാർഥികൾ കോഴ്‌സുകളിൽ ചേരുകയോ രജിസ്‌ട്രേഷൻ നടത്തുകയോ ചെയ്തിരുന്നില്ല. മാർക്ക് ഷീറ്റും പ്രൊഫഷണൽ സർട്ടിഫിക്കറ്റും നൽകാൻ സർവകലാശാലാ അധികൃതർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെ നാലു കേന്ദ്രങ്ങളിൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. മലപ്പുറം ജില്ലയിലെ രണ്ടു കേന്ദ്രങ്ങൾ, കരുനാഗപ്പള്ളി, തൃശ്ശൂർ എന്നിവിടങ്ങളിലെ ഒരോ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക.
പരീക്ഷാവിഭാഗം അഡീഷണൽ കൺട്രോളർ, ഇലക്‌ട്രോണിക്ക് ഡാറ്റാ പ്രോസസിങ് സെക്‌ഷൻ സൂപ്രണ്ട്, കംപ്യൂട്ടർ പ്രോഗ്രാമർ എന്നിവരുടെ അറിവോടെയാണ് സർട്ടിഫിക്കറ്റുകൾ നൽകിയതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. മധുര കാമരാജ് സർവകലാശാല നല്കിയ ഡിഗ്രികൾ വ്യാജമാണെന്ന റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് വിദ്യാർഥികൾ 2014, 2015 വിദ്യാഭ്യാസവർഷങ്ങളിൽ ഡിഗ്രിക്കുചേർന്നതായി അധികൃതർ രേഖകളുണ്ടാക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതേകുറച്ച് പരീക്ഷാ കൺട്രോളറോട് വിശദീകരണം ചോദിച്ച് വിജിലൻസ് കത്ത യച്ചിരുന്നു. സർവകലാശാലയുടെ വിശദീകരണത്തിൽ വിദ്യാർഥികൾ രജിസ്‌ട്രേഷൻ നടത്തിയതിനോ ട്യൂഷൻ ഫീസ് അടച്ചതിനോ തെളിവു നൽകിയില്ല. ഫീസ് അടയ്ക്കാനായി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകിയതായുള്ള രേഖകളും വ്യാജമാണ്.
വിദ്യാർഥികളുടെ പേരുകൾ മാത്രമാണ് അധികൃതർ നൽകിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, മേൽവിലാസം എന്നിവ ഇല്ലായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.