ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അടിപതറി; ലോകകപ്പിൽ ആദ്യ തോൽവി!

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അടിപതറി. ഇംഗ്ലണ്ട് ടീം ഉയർത്തിയ 338 എന്ന വിജയ ലക്‌ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത അൻപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറുകളിൽ ധോനി അടിച്ച് തകർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കളി അവസാനിക്കുമ്പോൾ 42 റൺസെടുത്തു ധോനി 12 റൺസെടുത്ത കേദാർ യാദവ് എന്നിവരായിരുന്നു ക്രീസിൽ.

സെഞ്ചുറി ഇന്നിങ്സുമായി രോഹിത് ശർമ്മ വീണ്ടും തിളങ്ങി. 106 പന്തിൽ നിന്നാണ് ഇന്ത്യൻ ഓപ്പണർ ശതകം പൂർത്തിയാക്കിയത്. ഈ ലോകകപ്പിൽ രോഹിതിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ഏകദിന കരിയറിലെ 25-ാം സെഞ്ചുറിയും.

ഓപ്പണർ കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഒമ്പത് പന്ത് നേരിട്ട രാഹുലിന് അക്കൗണ്ട് തുറക്കാനായില്ല. 150 റൺസിലെത്തും മുമ്പ് ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. കോലിയും രോഹിതും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പ്ലങ്കറ്റ് പൊളിച്ചു. 76 പന്തിൽ 66 റൺസുമായി കോലി പുറത്ത്. രോഹിത് ശർമ്മയുമൊത്ത് 138 റൺസ് കൂട്ടുകെട്ടാണ് കോലി പടുത്തുയർത്തിയത്.

സെഞ്ചുറി തികച്ചതിന് പിന്നാലെ രോഹിത് ശർമ്മയെ ക്രിസ് വോക്സ് പുറത്താക്കിയിരുന്നു. 109 പന്തിൽ 102 റൺസായിരുന്നു രോഹിത് നേടിയത്. മികച്ച ബാറ്റിംഗ്കാഴ്ചവെച്ച് മുന്നേറുകയായിരുന്ന ഹാർദിക് പാണ്ഡ്യ 45-ാം ഓവറിൽ പുറത്തായി. 45 റൺസെടുത്ത ഹാർദികിനെയും ലോകകപ്പിൽ അരങ്ങേറിയ ഋഷഭ് പന്ത്(32)നെയും പ്ലങ്കറ്റ് പുറത്താക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തിൽ തന്നെ അടിച്ചു തകർത്തു. ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി. അവസാന ഓവറിൽ ജസ്പ്രീത് ബുംറ മൂന്ന് റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളു. ഒപ്പം ബെൻ സ്റ്റോക്ക്സിന്റെ വിക്കറ്റുമെടുത്തു. അല്ലെങ്കിൽ ഇംഗ്ലണ്ടിന്റെ സ്കോർ 350 കടക്കുമായിരുന്നു.

ഇംഗ്ലണ്ടിനായി ബെയർസ്റ്റോ 111 റൺസ് അടിച്ചപ്പോൾ ബെൻ സ്റ്റോക്ക്സ് 54 പന്തിൽ 79 റൺസെടുത്തു. ജേസൺ റോയ് 57 പന്തിൽ 66 റൺസ് നേടി. ജോ റൂട്ടിന്റെ സംഭാവന 44 റൺസായിരുന്നു. 90 പന്തിൽ നിന്നാണ് ബെയർസ്റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റിൽ അഞ്ചും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. ഏകദിന കരിയറിൽ ഷമിയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്.

യുസ്വേന്ദ്ര ചാഹൽ 10 ഓവറിൽ വഴങ്ങിയത് 88 റൺസാണ്. ഇന്ത്യൻ സ്പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത്. കുൽദീപ് യാദവ് 72 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എന്നാൽ ജസ്പ്രീത് ബുംറ മാത്രം തന്റെ മികവ് തുടർന്നു. 10 ഓവറിൽ വഴങ്ങിയത് 44 റൺസ് മാത്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us