ഒരു ഇടവേളയ്ക്കുശേഷം വീണ്ടും നഗരത്തിൽ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു

ബെംഗളൂരു:  വീണ്ടും നഗരത്തിൽ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു. ഒട്ടുമിക്ക പ്രദേശങ്ങളിലും നീക്കംചെയ്യാതെ മാലിന്യം കൂമ്പാരമാകുന്ന സാഹചര്യമാണുള്ളത്.

റോസ് ഗാർഡൻ, ഹൂഡി, കോറമംഗല, വസന്ത് നഗർ, ബൊമ്മനഹള്ളി, ആർ.ടി. നഗർ തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളിൽ മാലിന്യനീക്കം താളംതെറ്റിയിട്ട് ദിവസങ്ങളായി. പച്ചക്കറി, മാംസ അവശിഷ്ടങ്ങളിൽനിന്ന് രൂക്ഷമായ ദുർഗന്ധവുമുണ്ട്.

പ്രദേശവാസികൾ കോർപ്പറേഷനിൽ പരാതിനൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ശുചീകരണത്തൊഴിലാളികൾ മാലിന്യം ശേഖരിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് കോർപ്പറേഷന്റെ വാദം. അതേസമയം മാലിന്യശേഖരണത്തിന് കരാറുകാരെ തിരഞ്ഞെടുക്കുന്ന ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.

ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ മാലിന്യനീക്കം സാധാരണ നിലയിലാകുമെന്നും അധികൃതർ പറഞ്ഞു. പുതിയ കരാർ ലഭിക്കുന്നത് സംബന്ധിച്ച ആശങ്ക നിലവിലുള്ള കരാറുകാരിലുമുണ്ട്. ഇതോടെ ശുചീകരണത്തൊഴിലാളികളെ നിരീക്ഷിക്കാനോ നിർദേശം നൽകാനോ ഇവർ തയ്യാറാകുന്നില്ല. നേരത്തേ അനധികൃതമായി മാലിന്യംതള്ളുന്ന പ്രദേശങ്ങളിൽ അധികൃതർ സി.സി. ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത്തരം പ്രദേശങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയാണ്.

സി.സി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ഇതുവരെ കാര്യമായ നടപടികളൊന്നുമെടുത്തിട്ടില്ല. മാലിന്യംതള്ളുന്ന പ്രധാനകേന്ദ്രങ്ങൾ വൃത്തിയാക്കി രംഗോലി വരയ്ക്കുന്ന പദ്ധതിയും കോർപ്പറേഷൻ ആവിഷ്‌കരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

കാലവർഷം ശക്തി പ്രാപിക്കുന്നതോടെ നഗരത്തിലെ മാലിന്യം കുത്തിയൊഴുകി പ്രശ്‌നം രൂക്ഷമാകുമെന്നും ആശങ്കയുണ്ട്. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ ശുചീകരണത്തൊഴിലാളികൾക്ക് കോർപ്പറേഷൻ നേരിട്ട് നിർദേശം നൽകണമെന്നാണ് ഉയരുന്ന ആവശ്യം. മാലിന്യനീക്കത്തിന് രൂപവത്‌കരിച്ച വിവിധ സമിതികളും കാര്യക്ഷമായി പ്രവർത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us